kerala-honorary-doctorate

തിരുവനന്തപുരം: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും ജ്യോതിശാസ്ത്രജ്ഞൻ ഡോ.ജയന്ത് നർലിക്കറിനും കേരള സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇരുവർക്കും ഡി.എസ്.സി (ഡോക്ടർ ഒഫ് സയൻസ്) ബിരുദമാണ് സർവകലാശാല നൽകിയത്. ഇന്നലെ സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി പ്രോ.ചാൻസലറും മന്ത്രിയുമായ കെ.ടി. ജലീലാണ് ഇരുവർക്കും ബഹുമതി സമ്മാനിച്ചത്.

ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോ ഫിസിക്സ് സ്ഥാപക ഡയറക്ടറായ ഡോ.ജയന്ത് നർലേക്കറിന് പദ്മവിഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കേരള സർവകലാശാലാ പൂർവവിദ്യാർത്ഥികൂടിയായ ക്രിസ് ഗോപാലകൃഷ്ണനും പദ്മവിഭൂഷൺ പുരസ്‌കാര ജേതാവാണ്.
ചാൻസലറായ ഗവർണർ പി.സദാശിവത്തിനു ചടങ്ങിൽ പങ്കെടുക്കാനാകാത്തതിനാലാണ് പ്രോ.ചാൻസലറായ മന്ത്രി കെ.ടി.ജലീൽ ഡോക്ടറേറ്റ് നൽകിയത്.
വൈസ്ചാൻസലർ ഡോ.വി.പി മഹാദേവൻ പിള്ള, പ്രോ.വൈസ് ചാൻസലർ ഡോ. പി.പി.അജയകുമാർ, രജിസ്ട്രാർ ഡോ. സി.ആർ പ്രസാദ്, സിൻഡിക്കേറ്റ് സെനറ്റ് അംഗങ്ങൾ, സർവകലാശാല ഡീൻമാർ തുടങ്ങിയവർ സംബന്ധിച്ചു.