photo

നെടുമങ്ങാട്: നെടുമങ്ങാട് ഗവ. കോളേജ് കാമ്പസിൽ പ്രധാന കെട്ടിടത്തിനോട് ചേർന്ന ഭാഗത്തെ കുന്നിടിഞ്ഞത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്‌ത്തി. കെട്ടിടത്തിന്റെ അത്രയും പൊക്കമുള്ള കുന്ന് രണ്ടുതവണയാണ് ഇടിഞ്ഞത്. സംഭവത്തെ തുടർന്ന് കോളേജിന് ഇന്നലെ അവധി പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ കുട്ടികൾ ക്ലാസിനെത്തിയപ്പോൾ കുന്നിന്റെ ചെറിയൊരുഭാഗം പാറക്കല്ലുകളോടെ അടർന്നുകിടക്കുന്നതുകണ്ടു. ഇത് കാര്യമാക്കാതെ ക്ലാസ് തുടങ്ങി. എന്നാൽ ഒമ്പതോടെ കുന്നിന്റെ കൂടുതൽ ഭാഗങ്ങൾ ഓഫീസിനു മുന്നിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിന്റെ ഭാഗമായി അശാസ്ത്രീയമായി കുന്നിടിച്ചുനിരത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്. 1000ഓളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ പ്രധാന കലാലയത്തിൽ കാമ്പസിലെ നാല് കെട്ടിടങ്ങളും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്. സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് പി.ടി.എയും വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെട്ടിട്ടും ഇതുവരെ നിർമ്മിച്ചിട്ടില്ല. കാമ്പസിലെ മണ്ണിടിച്ചിലിനെ തുടർന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ. സുമ, തഹസിൽദാർ എം.കെ. അനിൽകുമാർ, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ജിയോളജിക്കൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കോളേജ് സന്ദർശിച്ചു. ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മണ്ണ് നീക്കം ചെയ്‌തത്.