കല്ലമ്പലം: തവണവ്യവസ്ഥയിൽ തുണിത്തരങ്ങൾ വില്പന നടത്തുന്നയാളെ ആക്രമിച്ച് പണംകവർന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മടവൂർ പുലിയൂർക്കോണം ഈട്ടിമൂട് തൻസീർ മൻസിലിൽ തൻസീറാണ് (36) അറസ്റ്റിലായത്. വർക്കല പുന്നമൂട് വിഷ്ണുനിവാസിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കാളിരാജിനെ ആക്രമിച്ചാണ് പണംകവർന്നത്. തുണിക്കച്ചവടം കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന കാളിരാജിനെ പിന്തുടർന്നെത്തിയ തൻസീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മടവൂർ മാങ്കോണത്തുവച്ച് തടഞ്ഞുനിറുത്തി കവർച്ച നടത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പെടെ നിരവധിക്കേസുകളിൽ തൻസീർ പ്രതിയാണ്. സംഘത്തിലെ മറ്റ് രണ്ടുപേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്‌തു. പള്ളിക്കൽ സി.ഐ അജി ജി.നാഥ്, എസ്.ഐ പി. അനിൽകുമാർ, സീനിയർ സി.പി.ഒ ബി. ദിലീപ്, സി.പി.ഒമാരായ അനീഷ്, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.