തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ 166-ാമത് ജയന്തിയോട് അനുബന്ധിച്ച് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്നലെ വർണശഭളമായ ഘോഷയാത്ര സംഘടിപ്പിച്ചു. വൈകിട്ട് 6ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തു നിന്ന് പ്രസിഡന്റ് എം.സംഗീത്കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഘോഷയാത്രയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഘോഷയാത്രയുടെ മുന്നിലായി ചട്ടമ്പിസ്വാമികളുടെ പ്രതിമയടങ്ങിയ ഫ്ളോട്ടും ഒരുക്കിയിരുന്നു. കുന്നുകുഴി, വഞ്ചിയൂർ, പട്ടം, ശാസ്തമംഗലം, ആറ്റുകാൽ, ചാല, ശാസ്തമംഗലം, ഋഷിമംഗലം തുടങ്ങിയ താലൂക്ക് യൂണിയന്റെ കീഴിലെ 175 കരയോഗങ്ങളിൽ നിന്നായി ഭരണസമിതി അംഗങ്ങൾ, പ്രതിനിധി സഭാംഗങ്ങൾ, വനിതാസമാജം പ്രവർത്തകർ, വനിതാ സ്വയംസഹായ സംഘം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ഘോഷയാത്ര രാത്രി 7.30ഓടെ കോട്ടയ്ക്കകത്തെ താലൂക്ക് യൂണിയൻ ഓഫീസിന് സമീപം സമാപിച്ചു. തുടർന്ന് ഭരണസമിതി അംഗങ്ങളുടെയും പ്രതിനിധി സഭാംഗങ്ങളുടെയും നേതൃത്വത്തിൽ ചട്ടമ്പിസ്വാമി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. എം. വിനോദ്കുമാർ, ടി.എസ്. നാരായണൻകുട്ടി, ഈശ്വരി അമ്മ, കാർത്തികേയൻ നായർ, ബിജു വി. നായർ തുടങ്ങിയവർ നേതൃത്വം നൽകി.