തിരുവനന്തപുരം: കത്തിക്കുത്ത് സംഭവത്തെ തുടർന്നുള്ള പൊലീസ് കാവൽ എടുത്തുകളയുകയും നിരീക്ഷണ സമിതിയുടെ പ്രവർത്തനം കടലാസിലൊതുങ്ങുകയും ചെയ്‌തതോടെ യൂണിവേഴ്സിറ്റി കോളേജിൽ കാര്യങ്ങളെല്ലാം പഴയപടി. കോളേജിൽ യൂണിറ്റ് തുടങ്ങിയ കെ.എസ്.യു, എ.ഐ.എസ്.എഫ് ഭാരവാഹികൾക്ക് കോളേജിനകത്തും പുറത്തും എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയെന്നാണ് ആരോപണം. കോളേജിനകത്ത് സംഘടനാ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് കെ.എസ്.യു, എ.ഐ.എസ്.എഫ് അംഗങ്ങളായ വിദ്യാർത്ഥികളോട് എസ്.എഫ്.ഐ യൂണിറ്റിന്റെ ആവശ്യം.
പെൺകുട്ടികളടക്കമുള്ള എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയും അസഭ്യം പറച്ചിലും ഇവർക്കുനേരെയുണ്ട്. കോളേജിൽ ഇവരോട് സംസാരിക്കുന്നതിനും സൗഹൃദത്തിലാകുന്നതിനും മറ്റു വിദ്യാർത്ഥികൾക്കും വിലക്കും ഭീഷണിയുമുണ്ട്. കെ.എസ്.യു, എ.ഐ.എസ്.എഫ് സംഘടനകളിൽ പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാണ് യൂണിറ്റ് ഭാരവാഹികളുടെ നിർദ്ദേശം. ' ഇപ്പോൾ ഞങ്ങൾ സൈലന്റാണ്, ഇലക്‌ഷൻ കഴിഞ്ഞാൽ ഇവിടെ തന്നെ കാണണം' എന്നാണ് കെ.എസ്.യു ട്രഷറർ പി.ടി. അമലിനെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയത്. ക്ലാസിൽ നിന്നു വിളിച്ചിറക്കി പെൺകുട്ടിയുൾപ്പെടെയുള്ള യൂണിറ്റ് ഭാരവാഹികളാണ് അമലിനെ ഭീഷണിപ്പെടുത്തിയത്. ' ഇലക്‌ഷനുശേഷം നല്ലൊരു പണിയുണ്ടാകും' എന്നാണ് കെ.എസ്.യു യൂണിറ്റ് സെക്രട്ടറി അച്യുതിനുള്ള ഭീഷണി. യൂണിറ്റ് പ്രസിഡന്റ് അമലിന് കോളേജിനകത്തും പുറത്തുനിന്നുമുള്ള എസ്.എഫ്.ഐക്കാരുടെ ഭീഷണി പതിവാണെന്ന് പ്രവർത്തകർ പറയുന്നു.
കെ.എസ്.യു വൈസ് പ്രസിഡന്റ് ആര്യയ്ക്കും ഭീഷണിയുണ്ട്. കോളേജിലെ എ.ഐ.എസ്.എഫ് സെക്രട്ടറി റെനിലിനെ പരസ്യമായി എസ്.എഫ്.ഐക്കാർ കാമ്പസിൽവച്ച് ഭീഷണിപ്പെടുത്തി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫ് എല്ലാ പാനലിലും മത്സരിക്കുന്നുണ്ട്. കെ.എസ്.യു ഏഴ് ജനറൽ സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ നിറുത്തുന്നത്. സെപ്‌തംബർ 27നാണ് ഇലക്‌ഷൻ. അടുത്തയാഴ്ച കാമ്പെയിൻ തുടങ്ങും. അപ്പോൾ കൊടിമരമടക്കം സ്ഥാപിക്കാനാണ് സംഘടനകൾ ഉദ്ദേശിക്കുന്നത്. കാമ്പെയിൻ തുടങ്ങുന്നതിനുമുമ്പേ എസ്.എഫ്.ഐ ഭീഷണി തുടങ്ങിയാൽ സ്വതന്ത്ര സംഘടനാ പ്രവർത്തനം എങ്ങനെ സാധിക്കുമെന്നാണ് കെ.എസ്.യു യൂണിറ്റ് അംഗങ്ങളുടെ ചോദ്യം. കത്തിക്കുത്ത് സംഭവത്തിനു ശേഷം കോളേജ് തുറന്നപ്പോൾ ഐ.ഡി കാർഡ് പരിശോധിച്ചാണ് വിദ്യാർത്ഥികളെ അകത്തുവിട്ടിരുന്നത്. അത് നിലച്ചതോടെ പൂർവ വിദ്യാർത്ഥികളും പുറമേ നിന്നുള്ള എസ്.എഫ്.ഐയുടെ നേതാക്കളും പതിവായി കോളേജിലെത്തുന്നുണ്ട്.