ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ പ്രണോയ്ക്ക് തോൽവി, സായ് പ്രണീത് ക്വാർട്ടറിൽ
ബാസൽ : രണ്ടാം റൗണ്ടിൽ മുൻ ലോക ചാമ്പ്യൻ ലിൻ ഡാനിനെ അട്ടമറിച്ചെത്തിയ മലയാളിതാരം എച്ച്.എസ്. പ്രണോയ്യുടെ പോരാട്ടം ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ അവസാനിച്ചു. ഇന്നലെ നിലവിലെ ലോക ചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ ജാപ്പനീസ് താരം കെന്റോ മൊമോട്ടയാണ് പ്രണോയ്യെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയത്. സ്കോർ: 21-19, 21-12.
അതേസമയം മറ്റൊരു ഇന്ത്യൻ താരം സായ് പ്രണീത് പ്രീക്വാർട്ടറിൽ ഇന്തോനേഷ്യൻ താരം അന്തോണി സിനിസുക ജിന്റിംഗിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലെത്തി.21-19, 21-13 നായിരുന്നു സായ്യുടെ വിജയം.
56 മിനിട്ട് നീണ്ട മത്സരത്തിന്റെ ആദ്യ ഗെയിമിൽ മാത്രമാണ് പ്രണോയ്ക്ക് ഒന്നാം റാങ്കുകാരന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞത്. ആദ്യഘട്ടത്തിൽ ലീഡ് ജാപ്പനീസ് താരത്തിനായിരുന്നുവെങ്കിലും പ്രണോയ് പതറാതെ പിന്തുടർന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് മൊമോട്ട 21-19 എന്ന സ്കോറിന് ഗെയിം സ്വന്തമാക്കിയത്.
രണ്ടാം ഗെയിമിൽ പ്രണോയ്യെ തീർത്തും നിഷ്പ്രഭമാക്കുകയായിരുന്നു മൊമോട്ട. ഗെയിമിന്റെ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. ഞൊടിയിടയിലാണ് 21-12ന് മൊമോട്ട ഗെയിമും ക്വാർട്ടർ ബെർത്തും സ്വന്തമാക്കിയത്.
കഴിഞ്ഞദിവസം രണ്ടാം റൗണ്ടിൽ 21-11, 13-21, 21-7 എന്ന സ്കോറിനാണ് പ്രണോയ് ലിൻഡാനെ അട്ടിമറിച്ചത്. ലിൻഡാനെതിരായ അഞ്ച് മത്സരങ്ങളിൽ പ്രണോയ്യുടെ മൂന്നാം വിജയമായിരുന്നു ഇത്.