ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും
ന്യൂസിലൻഡ് -ലങ്ക രണ്ടാംടെസ്റ്റിലും മഴയുടെ തടസം
ലീഡ്സ്
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണം കളി തടസപ്പെട്ടിരിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ 54/2 എന്ന നിലയിലാണ്.
മാർക്കസ് ഹാരിസ് (8), ഉസ്മാൻ ഖ്വാജ (8) എന്നിവരാണ് പുറത്തായത്. മഴ കാരണം വൈകിത്തുടങ്ങിയ മത്സരത്തിൽ ജൊഫ്രെ ആർച്ചറാണ് ഹാരിസിനെ പുറത്താക്കി ആസ്ട്രേലിയയ്ക്ക് ആദ്യ മുറിവ് ഏൽപ്പിച്ചത്. തുടർന്ന് മഴകാരണം കളിനിറുത്തേണ്ടിവന്നു. പുനരാരംഭിച്ചപ്പോൾ സ്റ്റുവർട്ട് ബ്രോഡ് ഖ്വാജയെയും പുറത്താക്കി.
കൊളംബോ
ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഭൂരിഭാഗം സമയവും അപഹരിച്ചത് മഴ. ഇന്നലെ 36.3 ഒാവർ മാത്രം കളി നടന്നപ്പോൾ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 85/2 എന്ന നിലയിലാണ്.
രാവിലെ തകർത്ത് പെയ്ത മഴ കാരണം ലഞ്ചിനുശേഷം മാത്രമാണ് കളി തുടരാനായത്. ഒാപ്പണർ ലാഹിരി തിരിമന്നെ (2), കുശാൽ മെൻഡിസ് (32) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. നായകൻ ദിമുത്ത് കരുണ രത്നെ 49 റൺസുമായി പുറത്താകാതെ ക്രീസിലുണ്ട്.