25 റൺസെടുക്കുന്നതിനിടെ
മൂന്ന് വിക്കറ്റ് നഷ്ടം
ആന്റിഗ്വ : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. 25 റൺസ് നേടുന്നതിനിടയിൽ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 54/3 എന്ന നിലയിലാണ് ഇന്ത്യ. ഒാപ്പണർ മായാങ്ക് അഗർവാൾ (5), ചേതേശ്വർ പുജാര (2), നായകൻ വിരാട് കൊഹ്‌ലി(9) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.31 റൺസുമായി ലോകേഷ് രാഹുലും രണ്ട് റൺസുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസിൽ.
രാവിലെ മഴ കാരണം അല്പം വൈകിയാണ് കളി തുടങ്ങിയത്. ലോകേഷും മായാങ്കും ചേർന്നാണ് ഒാപ്പണിംഗിനെത്തിയത്. ആന്റിഗ്വയിലെ പേസിനെ അതിരറ്റ് പിന്തുണയ്ക്കുന്ന പിച്ചിൽ താളം കണ്ടെത്താൻ ഒാപ്പണർമാർ നന്നേ പ്രയാസപ്പെട്ടു.
കെമർ റോഷ് എറിഞ്ഞ അഞ്ചാം ഒാവറിലാണ് ഇന്ത്യയ്ക്ക് ഇരട്ട ആഘാതമേറ്റത്. ഇൗ ഒാവറിലെ രണ്ടാംപന്തിൽ മായാങ്കാണ് ആദ്യം പുറത്തായത്. റോഷിനെ ഫ്രണ്ട് ഫുട്ടിൽ നേരിടാൻ ശ്രമിച്ച മായാങ്കിനെ ഗ്ളൗസിലൊതുക്കിയശേഷം ഷായ് ഹോപ്പ് അപ്പീൽ ചെയ്തെങ്കിലും അമ്പയർ വിക്കറ്റ് അനുവദിച്ചില്ല. തുടർന്ന് ഡി.ആർ.എസിലൂടെയാണ് വിൻഡീസ് വിക്കറ്റ് നേടിയത്.
ഇൗ ഒാവറിലെ അവസാന പന്തിൽ ഹോപ്പിന് സമാനരീതിയിൽ ക്യാച്ച് നൽകി പുജാരയും തിരിച്ചുനടന്നു. ഇതോടെ ഇന്ത്യ 7/2 എന്ന നിലയിലെത്തി.
തുടർന്ന് കൊഹ്‌ലിയും രാഹുലും ചേർന്ന് ചെറുത്തുനിൽക്കാൻ ശ്രമിച്ചു. എന്നാൽ എട്ടാം ഒാവറിൽ കൊഹ്‌ലിയെ മടക്കി അയച്ച് ഷാനോൺ ഗബ്രിയേൽ വിൻഡീസിന് അവർ കാത്തിരുന്ന ആവേശം സമ്മാനിച്ചു. ഷാനോണിന്റെ പന്ത് കൊട്ടിയിടാൻ ശ്രമിച്ച കൊഹ്‌ലിയെ ഗള്ളിയിൽ ബ്രൂക്സാണ് പിടികൂടിയത്.
രോഹിത് ശർമ്മയെയും രവിചന്ദ്രൻ അശ്വിനെയും ഒഴിവാക്കിയാണ് ഇന്ത്യ പ്ളേയിംഗ് ഇലവനെ തിരഞ്ഞെടുത്തത്. ലോകേഷ് രാഹുൽ, മായാങ്ക്, പുജാര, കൊഹ്‌ലി, രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, ജഡേജ, ഇശാന്ത്, ഷമി, ബുംറ എന്നിവർ പ്ളേയിംഗ് ഇലവനിലെത്തി.