mayor

തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ലോഡ്കണക്കിന് സാധനങ്ങൾ കയറ്റി അയച്ച നഗരസഭാ മേയർ വി.കെ.പ്രശാന്തിന് അലുവയുമായി കോഴിക്കോട്ടുകാർ. സാധനങ്ങളുമായി കോഴിക്കോട്ടേക്ക് പോയ വാഹനത്തിലെ വോളന്റിയറുടെ കൈവശമാണ് മുക്കം പഞ്ചായത്തിൽ നിന്നുള്ളവർ നന്ദി അറിയിച്ച് അലുവ കൊടുത്തയച്ചത്. ആപത്തിൽ സഹായിച്ചതിനുള്ള നന്ദി സൂചകമായാണ് മുക്കത്തുകാർ മേയർ ബ്രോയ്ക്ക് സ്നേഹസമ്മാനം നൽകിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേയർ അലുവ ലഭിച്ചതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും കോഴിക്കോട്ടുകാരുടെ സ്നേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു. 'സ്നേഹത്തിന് ഇത്ര മധുരമോ' എന്ന ആമുഖത്തോടെയാണ് മേയർ സന്തോഷം പ്രകടിപ്പിച്ചത്.

ഞങ്ങൾ കയറ്റി അയച്ച സാധാനങ്ങളെക്കാൾ ഭാരമുണ്ട് കോഴിക്കോട്ടുകാരുടെ ഈ സ്നേഹത്തിനെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു. 9ദിവസത്തിനുള്ളിൽ 85ലോഡ് സാധനങ്ങളാണ് നഗരസഭയിൽ നിന്നു ദുരിതബാധിത മേഖലകളിലേക്ക് കയറ്റി അയച്ചത്. മേയറുടെ നേതൃത്വത്തിൽ രാപ്പകലില്ലാതെ ഒരുകൂട്ടം യുവജനങ്ങളാണ് കളക്ഷൻ സെന്ററിൽ പ്രവർത്തിച്ചത്.

50അംഗ സംഘം നിലമ്പൂരിലേക്ക്

പ്രകൃതി ദുരന്തം കനത്ത നാശം വിതച്ച നിലമ്പൂരിലേക്ക് നഗരസഭയുടെ 50 അംഗ സംഘം ഞായറാഴ്ച യാത്ര തിരിക്കും. നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് സംഘം പുറപ്പെടുന്നത്. പ്രദേശത്ത് കൂടികിടക്കുന്ന മാലിന്യങ്ങളും മണ്ണും വേർതിരിച്ചുമാറ്റുക, മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുക തുടങ്ങിയ ജോലികളാണ് നിലമ്പൂരിൽ അവശേഷിക്കുന്നത്.