cpm

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗിൽ സമിതി മുന്നോട്ടുവച്ച നിർദ്ദേശങ്ങളും ഉൾക്കൊള്ളണമെന്നും പ്രളയാനന്തര പുനർനിർമ്മാണം പരിസ്ഥിതിക്ക് ഇണങ്ങുന്നതാവണമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയോഗത്തിൽ അഭിപ്രായമുയർന്നു.

ഗാഡ്ഗിൽ റിപ്പോർട്ടിനോട് മുഖം തിരിച്ചുനിന്ന സി.പി.എമ്മിൽ ഇപ്പോൾ അനുകൂല പ്രതികരണങ്ങളുയരുന്നത് ശ്രദ്ധേയമാണ്. ഗാഡ്ഗിലിന്റെ നിർദ്ദേശങ്ങൾ അതേപടി നടപ്പാക്കണമെന്ന് ഗാഡ്ഗിൽ പോലും പറഞ്ഞിട്ടില്ല. ജനകീയചർച്ചകളിലൂടെ സമവായമുണ്ടാക്കി നടപ്പാക്കാനാണ് നിർദ്ദേശിച്ചത്. അത് അങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ പ്രവർത്തനത്തെ പറ്റി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച രണ്ടാമത്തെ രേഖയിലാണ് ഇന്നലെ പ്രധാനമായും ചർച്ച നടന്നത്. സർക്കാരിന്റെ പ്രവർത്തനം മികച്ചതാണെങ്കിലും അത് ജനങ്ങളിൽ എത്തിക്കുന്നതിൽ കുറേക്കൂടി ജാഗ്രത വേണം. മുഖ്യമന്ത്രിയെ അടക്കം മാദ്ധ്യമങ്ങൾ കടന്നാക്രമിക്കുന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ പ്രതീക്ഷിക്കാനാവില്ല. പാർട്ടി തന്നെ പ്രതിരോധിക്കണം. വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം.

കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കഴിഞ്ഞ മഹാപ്രളയത്തിന് ശേഷം കേന്ദ്രം കാര്യമായൊന്നും തന്നില്ല. ഇത്തവണ പ്രളയദുരന്തമുണ്ടായപ്പോഴും അതേ സമീപനമാണ്. കർണാടകം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിൽ വന്നില്ല. കേന്ദ്രസർക്കാർ പകപോക്കൽ തുടരുന്നത് രാഷ്ട്രീയവിഷയമാക്കാനും യോഗം തീരുമാനിച്ചു.

മന്ത്രിമാർക്ക് വിമർശനം

ചർച്ചയിൽ സി.പി.എം മന്ത്രിമാർക്കെതിരെയും വിമർശനങ്ങളുയർന്നു. പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാരെങ്കിലും മുഖം തിരിക്കുന്നു.

അതുപോലെ വീടുകളിൽ നിന്നുള്ള നിർബന്ധിത പിരിവ് പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നു. പിരിവ് തരാത്തവരെ വെറുപ്പിക്കരുതെന്ന ശക്തമായ നിർദ്ദേശം കീഴ്ഘടകങ്ങൾക്ക് നൽകണം. പിരിവിന് ചെല്ലുന്നവർ വീട്ടുകാരോട് വിനയത്തോടെ പെരുമാറണം. പിരിവ് തരാതിരിക്കുകയോ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയോ ചെയ്താൽ അവരോട് തട്ടിക്കയറുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നു. പിരിവ് തരാത്ത വീട്ടുകാരെ വെറുപ്പിക്കുകയോ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ അരുത്. വീടുകളിൽ വിവാഹം പോലുള്ള ചടങ്ങുകളിലെല്ലാം പാർട്ടിപ്രവർത്തകരുടെ സജീവസാന്നിദ്ധ്യമുണ്ടാകണം. നേതാക്കളുടെ പെരുമാറ്റത്തിൽ മേൽത്തട്ടിലടക്കം മാറ്റം വേണം.

സംസ്ഥാനകമ്മിറ്റിയിൽ ഇന്നലെ ചർച്ച പൂർത്തിയായി. ഇന്ന് സെക്രട്ടറി മറുപടി പറഞ്ഞ് ഉച്ചയോടെ പിരിയും.