kerala-police

ആലുവ: തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ പി.സി. ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐ ആർ.രാജേഷ് കുറ്റക്കാരനല്ലെന്ന ഡി.ഐ.ജി എസ്.സുരേന്ദ്രന്റെ പ്രഥമവിവര റിപ്പോർട്ടിനെതിരെ പൊലീസ് സേനയിൽ കടുത്ത പ്രതിഷേധം. ഇക്കാര്യത്തിൽ പൊലീസ് അസോസിയേഷനും പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ഒരേ നിലപാടിലാണ്. എസ്.ഐയെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നതെന്നാണ് ഇരുസംഘടനകളിലെയും അംഗങ്ങൾ ആരോപിക്കുന്നത്. തടിയിട്ടപറമ്പ് സ്റ്റേഷനിൽ പൊലീസുകാരിൽ നിന്നും രഹസ്യമൊഴിയെടുക്കാതെ പരസ്യമായാണ് മൊഴിയെടുത്തതെന്നും ആക്ഷേപമുണ്ട്. അതിനാൽ പൊലീസുകാർക്ക് അഭിപ്രായം തുറന്നുപറയാനായില്ലെന്നും പറയുന്നു. മാത്രമല്ല, എസ്.ഐയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായ ഒരു റെെറ്ററും ഡ്രൈവറുമാണ് എസ്.ഐയെ അനുകൂലിച്ച് മൊഴി നൽകിയതും.

മേലുദ്യോഗസ്ഥരുടെ പീഡനത്തിൽ മനംനൊന്ത് സേനാംഗങ്ങൾ ജീവനൊടുക്കുന്ന സ്ഥിതി അതീവ ഗൗരവമാണ്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സേനയുടെ കെട്ടുറുപ്പും ആത്മാർത്ഥതയും നഷ്ടമാകുമെന്നും പൊലീസുകാർ പറയുന്നു. കുറ്റാരോപിതനായ എസ്.ഐയെ നിലവിൽ കോട്ടയത്തേയ്ക്ക് സ്ഥലം മാറ്റിയതും പ്രഹസനമാണെന്ന ആക്ഷേപമുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇതേ എസ്.ഐ കോട്ടയത്തേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ട് അപേക്ഷിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അപേക്ഷ പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആരോപണം. കേസ് അന്വേഷിക്കുന്ന ഡി.ഐ.ജി എസ്.സുരേന്ദ്രനാണ് രണ്ട് പേജുള്ള റിപ്പോർട്ട് എ.ഡി.ജി.പിക്ക് ഇന്നലെ സമർപ്പിച്ചത്. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

മെഡിക്കൽ ലീവിലായിരുന്ന ബാബുവിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചിരുന്നു. എന്നാൽ ബാബുവിന് ലീവ് അനുവദിക്കാതെ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധ നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ പെരുമ്പാവൂർ ഡിവൈ.എസ്.പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് മാത്രമാണ് എസ്.ഐ. രാജേഷ്,​ എ.എസ്.ഐ.യായിരുന്ന ബാബുവിനെതിരെ സ്വീകരിച്ച നിലപാടെന്നാണ് അന്വേഷണ റിപ്പോർട്ട്. അതിനാൽ ഈ കാരണളൊന്നും ആത്മഹത്യാ പ്രേരണാ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്നാണ് കണ്ടെത്തൽ. പൊലീസ് സ്‌റ്റേഷനിലെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ മരിക്കുന്നതിന് മുമ്പായി ബാബു എസ്.ഐക്കെതിരെ സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ ഇതൊരു തെളിവായി അന്വേഷണ സംഘം പരിഗണിക്കുന്നില്ല. വൈകാരികമായ അവസ്ഥ പരിഗണിച്ച് നടപടിയെടുക്കാൻ കഴിയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.

ഇതിനിടെ സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് എസ്.ഐയെ സംരക്ഷിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഡി.ഐ.ജി. എസ്.സുരേന്ദ്രൻ ആലുവയിലെത്തി അന്വേഷണം ആരംഭിച്ചത്. ബാബുവിന്റെ മകൻ കിരൺ ബാബുവിനെ വാഴക്കുളത്തെ ബന്ധുവീട്ടിൽ എത്തിച്ചാണ് മൊഴിയെടുത്തത്. എസ്.ഐ ആർ.രാജേഷിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയും മൊഴിയെടുത്തിരുന്നു.