കായംകുളം: ബാറിന് മുന്നിൽ കരീലകുളങ്ങര കരുവറ്റുംകുഴി പുത്തൻപുരയ്ക്കൽ താജുദ്ദീന്റെ മകൻ ഷമീർഖാനെ(25) ബിയർകുപ്പിയ്ക്ക് തലയ്ക്കടിച്ചുവീഴ്ത്തിയശേഷം കാർ കയറ്റികൊലപ്പെടുത്തിയ സംഭവത്തിലെ മൂന്നുപ്രതികളും പൊലീസ് പിടിയിലായി. കഴിഞ്ഞദിവസം കിളിമാനൂരിൽ നിന്ന് പിടിയിലായ പ്രധാന പ്രതി ഷിയാസിന് (21) പുറമേ കൂട്ടുപ്രതികളായസഹീൽ (19), അജ്മൽ (20) എന്നിവരെ ഇന്നലെ രാത്രി സേലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി കായംകുളം ഡിവൈ.എസ്.പി ആർ.ബിനു അറിയിച്ചു. ബംഗളൂരുവിലേക്ക് ഒളിവിൽ പോകും വഴി കായംകുളം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സേലം റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് ട്രെയിനിൽ നിന്ന് ഇവരെ പിടികൂടിയത്.
ഇരുവരെയും ഇന്ന് ഉച്ചയോടെ കായംകുളത്തെത്തിക്കും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം കോടതിയിൽ ഹാജാരാക്കും. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മൂന്നുപേരെയും വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആദ്യം പൊലീസ് പിടിയിലായ ഷിയാസാണ് ഷമീറിനെ കാർ കയറ്റി കൊന്നതെന്ന് ഇന്നലെ ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചു. അജ്മലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യം ഇയാൾ വെളിപ്പെടുത്തിയതെങ്കിലും പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് താനാണ് ഷമീറിന്റെ തലയിലൂടെ കാർ കയറ്റിയിറക്കിയതെന്ന് ഇയാൾ സമ്മതിച്ചു. കായംകുളത്ത് ദേശീയപാതയ്ക്കരികിലുള്ള ബാറിൽ മദ്യം വാങ്ങാനെത്തിയപ്പോഴുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ അജ്മൽ ബിയർകുപ്പികൊണ്ട് ഷമീറിന്റെ തലയ്ക്കടിച്ചുവീഴ്ത്തി. അതിനുശേഷം അവിടെ നിന്ന് കാറോടിച്ചുപോയ മൂന്നംഗസംഘം വോഗത്തിൽ തിരികെ വന്നു. അപ്പോഴും റോഡിൽ കിടക്കുകയായിരുന്ന ഷമീറിന്റെ തലയിലൂടെ കാർ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിനുശേഷം അവിടെ നിന്ന് രക്ഷപ്പെട്ട പ്രതികൾ കിളിമാനൂരിലുള്ള സുഭാഷെന്ന സുഹൃത്തിന്റെ വീട്ടിലെത്തി അഭയത്തിനായി അപേക്ഷിച്ചെങ്കിലും അയാൾ നിരസിച്ചു. എന്നാൽ ഇതിനിടെ ജി.പി.എസ് വഴി കാറിന്റെ ലൊക്കേഷൻ തിരിച്ചറിഞ്ഞ പൊലീസെത്തിയതോടെ പ്രതികൾ കാറുപേക്ഷിച്ച് രക്ഷപ്പെട്ടു. സുഭാഷിന്റെ സഹായത്തോടെ ഫോണിൽ വിളിച്ചുവരുത്തിയാണ് ഷിയാസിനെ പൊലീസ് പിടികൂടിയത്. എറണാകുളം വഴി ബംഗളൂരുവിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് മറ്റ് രണ്ട് പ്രതികളും പൊലീസിന്റെ വലയിലായത്.