veedu

കാലിഫോർണിയ: ചുമരിലടിച്ച പെയിന്റിന്റെ നിറവും ചുമരിൽ വരച്ചുചേർത്ത ചിത്രവും കാരണം ഒരു വീട് ലോകപ്രശസ്തമാവുമോ? സംശയം വേണ്ട; കാലിഫോർണിയയിലെ മാൻഹട്ടനിലെ ആ ചെറിയ വീട് ഇക്കാര്യം ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. വീട് കിടുവായതോടെ ഉടമ വില്പനയ്ക്കും വച്ചു. ഒമ്പതു കോടി മുടക്കി വാങ്ങിയ വീട് പന്ത്രണ്ടുകോടി കിട്ടിയാൽ കൊടുക്കും എന്നാണ് ഉടമ പറയുന്നത്.

വിവാദത്തിലൂടെയാണ് വീട് ശ്രദ്ധിക്കപ്പെട്ടത്. കാതറിൻ കിഡ് എന്നാണ് ഉടമയുടെ പേര്. ബീച്ചിന് സമീപത്തെ വീട് ഇവർക്ക് സ്വപ്നമായിരുന്നു. ഒത്തുകിട്ടിയപ്പോൾ വാങ്ങിച്ചു. താമസിക്കാൻ വേറെ വീടുള്ളതിനാൽ കുറച്ചുകാലത്തേക്ക് വാടകയ്ക്ക് നൽകാനായിരുന്നു പദ്ധതി. പക്ഷേ, പണി പാളി. ഇവിടത്തെ നിയമമനുസരിച്ച് കുറഞ്ഞ കാലയളവിലേക്ക് വീട് വാടകയ്ക്ക് നൽകാനാവില്ല. നിയമം ലംഘിക്കാൻ ശ്രമിച്ചതിന് മൂന്നുലക്ഷം രൂപ പിഴ അടയ്ക്കേണ്ടിവന്നു.

ഇതോടെ വീട് ദീർഘകാലത്തേക്ക് വാടകയ്ക്ക് നൽകാൻ തീരുമാനിച്ചു. മുന്നൊരുക്കമെന്ന നിലയിൽ കടും നിറത്തിലുള്ള പിങ്ക് പെയിന്റടിച്ചു. ഒപ്പം ചുമരുകളിൽ രണ്ട് ഇമോജിയും വരച്ചു. അതോടെ നാട്ടുകാർ പ്രശ്നമുണ്ടാക്കി. പെയിന്റ് കണ്ണിന് അലോസരമുണ്ടാക്കുന്നു എന്നും ഇമോജികൾ തങ്ങളെ കളിയാക്കുന്നതിനുവേണ്ടിയാണ് വരച്ചതെന്നുമായിരുന്നു അവരുടെ പരാതി.

എന്നാൽ താൻ കലയെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും ഇമോജികൾ തനിക്ക് ജീവനാണെന്നുമാണ് കാതറിൻ പറയുന്നത്. ഇതിനിടെ വീടിന്റെ ചിത്രം ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു. സംഗതി കേറിയങ്ങ് വൈറലായി. വീട്ടിലേക്ക് സഞ്ചാരികൾ പ്രവഹിച്ചുതുടങ്ങി. അതോടെ അയൽക്കാർ വീണ്ടും പ്രശ്നമുണ്ടാക്കി. ഇതാണ് വിൽക്കാൻ കാരണമെന്നാണ് കാതറീൻ പറയുന്നത്. വാങ്ങാൻ മുടക്കിയ തുകയും പിഴ അടയ്ക്കേണ്ടിവന്ന തുകയും കൂടിയാണ് വില ചോദിച്ചതെന്നും അവർ പറയുന്നു. ചോദിച്ചതിനെക്കാൾ നൽകി വീട് സ്വന്തമാക്കാൻ ചിലർ തയ്യാറായിട്ടുണ്ട്.