jaivam-1

പാലോട്: വാമനപുരം നദിയുടെ ദലസമൃദ്ധിയും പാലോടിന്റെ വന സമ്പത്തും കൈമുതലായ നന്ദിയോട് തുടർച്ചയായി നാല് വർഷം സംസ്ഥാന സർക്കാരിന്റെ ജൈവഗ്രാമം പുരസ്കാരം നേടിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രദേശമാണ്. ഇപ്പോൾ ഓണവിപണി ലക്ഷ്യം വച്ച് നന്ദിയോട്ടെ ഉത്പന്നങ്ങൾക്ക് മാർക്കറ്റൊരുക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ അമ്മക്കൂട്ടവും ഗ്രാമാമൃതം കർഷക കൂട്ടായ്മയും എല്ലാം. ഇവിടുത്തെ ഉത്പന്നങ്ങൾക്ക് വിപണിയിൽ നല്ല ഡിമാന്റ് കിട്ടുന്നു എന്നതാണ് ജൈവകൃഷിയിൽ നന്ദിയോടിനെ വേറിട്ട് നിറുത്തുന്നത്. വാണിജ്യകൃഷിയേക്കാൾ വീട്ടുവളപ്പിലെ കൃഷി കൂടുതൽ സജീവമായതിനാൽ പച്ചക്കറികളുടെ ഗുണമേന്മ ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.

2015 മുതൽ എല്ലാ ബുധനാഴ്ചകളിലും കൃഷിഭവന്റെ മുറ്റത്ത് ജൈവചന്ത ആരംഭിച്ചു തുടങ്ങി. ആർക്കും വേണ്ടാത്ത താളിനും തകരയും പുത്തരിച്ചുണ്ടയ്ക്കയും നന്ദിയോട്ടെ പുരയിടങ്ങളിൽ സമൃദ്ധമായി വിളഞ്ഞു. ജൈവഗ്രാമം പദ്ധതികൾക്ക് അടിവരയിട്ട് ആയിരത്തിലധികം പശുസമൃദ്ധിയും നന്ദിയോടിന് സ്വന്തം

കാർഷിക വികസന സമിതിയുടെ മാർഗനിർദ്ദേശത്തിലാണ് 'ഗ്രാമാമൃതം' എന്നൊരു പദ്ധതി ഭക്ഷ്യ സ്വയംപര്യാപ്ത പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ ചോറിന് പകരം ചോളം എന്ന മിനികിറ്റ് പ്രോഗ്രാമും വൻഹിറ്റായി. മ്യൂസിയം വളപ്പിൽ കേരള ജൈവവേദിയുടെ സഹകരണത്തോടെ ഗ്രാമാമൃതം ടീം കർഷകർ പ്രഭാതചന്തയും ഒരുക്കി.

ഒറ്റത്തൂശനിലയിൽ മുന്നൂറ്റി എഴുപത്തിരണ്ട് വിഭവങ്ങൾ വിളമ്പി നന്ദിയോട് അമ്മക്കൂട്ടം റെക്കോഡ് കുറിച്ചിരുന്നു. ഈ ഓണത്തിന് സഹകരിക്കാൻ പര്യാപ്തമായ സംഘടനകളെ കിട്ടിയാൽ നാന്നൂറ്റി ഒന്ന് വിഭവങ്ങൾ വിളമ്പി തകർക്കാനുള്ള തയാറെടുപ്പിലാണ് ഗ്രാമാമൃതം ടീം.