തിരുവനന്തപുരം: വെള്ളക്കെട്ട് കാരണം പേട്ട ഭഗത്‌സിംഗ് റോഡിലെ ക്രോസ് ബി ലെയിനിലെ താമസക്കാർ വലയുകയാണ്. ഇവിടെ താമസിക്കുന്ന മുപ്പതോളം വീട്ടുകാരാണ് മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിനു പുറമേ ഓടയില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടും ഡ്രെയിനേജ് പൊട്ടിയൊഴുകുന്നതു കൊണ്ടുള്ള ദുരിതവും അനുഭവിക്കുന്നത്.
ഏഴ് വർഷത്തോളം പഴക്കമുണ്ട് ക്രോസ് ബി ലെയിനിലെ താമസക്കാരുടെ ദുരിതത്തിന്. ചരിവുള്ള പ്രദേശമായതിനാൽ താഴെ താമസിക്കുന്ന പത്തോളം കുടുംബങ്ങളാണ് ദുരിതത്തിന്റെ തീവ്രത കൂടുതൽ അനുഭവിക്കുന്നത്. മഴക്കാലത്ത് മഴവെള്ളവും ഡ്രെയിനേജ് വെള്ളവും ഒഴുകിയെത്തുന്ന ഈ പ്രദേശത്ത് ഓട നിർമ്മിക്കാനുള്ള സംവിധാനം ഇല്ലാത്തതും ദുരിതത്തിന്റെ ആക്കം കൂട്ടി. ഊറ്റുള്ള പ്രദേശം കൂടിയാണിത്. വേനൽ ശക്തമായ മാസങ്ങളൊഴിച്ച് ബാക്കി സമയത്തെല്ലാം ഇവിടെ വെള്ളക്കെട്ട് സാധാരണയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നുള്ള ദുർഗന്ധവും കൊതുകും ഇഴജന്തുക്കളുടെ ശല്യവുമെല്ലാം നിത്യ കാഴ്ചയാണ്. റോഡ് അവസാനിക്കുന്ന ഭാഗത്തെ വീട്ടുകാർ വെള്ളക്കെട്ടുകൊണ്ട് പൊറുതിമുട്ടി വീടുപേക്ഷിച്ച് വാടകവീട്ടിലേക്ക് മാറിയെന്ന് പരിസരവാസികൾ പറയുന്നു.
എങ്ങുമെത്താത്ത ഓട നിർമാണം
ഓട നിർമ്മിക്കാൻ സ്ഥലമില്ലാത്തതിനാൽ താമസക്കാർ തന്നെ മുൻകൈയെടുത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിന് സമീപത്തുകൂടി ഓട നിർമ്മിക്കുന്നതിനുള്ള അനുമതി വാങ്ങിയിരുന്നു. സ്ഥലം കണ്ടെത്തിയതിനുശേഷം ഒരു മാസത്തിനുള്ളിൽ തന്നെ ഓടനിർമാണം ആരംഭിക്കാമെന്ന് കൗൺസിലറടക്കമുള്ളവർ പറഞ്ഞിരുന്നെങ്കിലും അനുമതി വാങ്ങി എട്ട് മാസം കഴിഞ്ഞിട്ടും പണി തുടങ്ങിയില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.