ഗുയാക്വിൽ (ഇക്വഡോർ): പ്ളാസ്റ്റിക് ബോട്ടിലുണ്ടോ? എങ്കിൽ ടിക്കറ്റ് തരാം. ഇക്വഡോറിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഗുയാക്വില്ലിലെത്തിയാൽ ഈ ചോദ്യം കേട്ട് അന്തംവിട്ടുപോകും. നഗരത്തെ പ്ളാസ്റ്റിക് വിമുക്തമാക്കാൻ അധികൃതർ കണ്ടുപിടിച്ച സൂപ്പർ വിദ്യയാണിത്. പൊതുജനങ്ങളിൽനിന്ന് പുനരുപയോഗിക്കാൻ പറ്റുന്ന പ്ളാസ്റ്റിക് ഉല്പന്നങ്ങൾ സ്വീകരിച്ച് പകരം ബസ് ടിക്കറ്റുകൊടുക്കുന്നതാണ് പദ്ധതി. അടുത്തിടെ നടപ്പാക്കിയ പദ്ധതി സുഗമമായി മുന്നോട്ടുപോവുകയാണ്.
ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഇത്രയാണ് വിലയെന്ന് അധികൃതർ പരസ്യപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഒാരോയിടത്തേക്ക് പാേകുമ്പോഴും എത്രകുപ്പികൾ കൊടുക്കണം എന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാം. ബസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള പ്ളാസ്റ്റിക് ഷ്രഡിംഗ് മെഷീനിൽ കുപ്പികൾ നിക്ഷേപിക്കുമ്പോൾ നിശ്ചിത തുകരേഖപ്പെടുത്തി കാർഡുകൾ ലഭിക്കും. ഇതുപയോഗിച്ച് ബസിൽ യാത്രചെയ്യാം. മെഷീനിൽ നിന്ന് ശേഖരിക്കുന്ന പ്ളാസ്റ്റിക് പുനരുപയോഗിക്കും. പ്ളാസ്റ്റിക് കുപ്പികളാണ് ഏറ്റവുംകൂടുതൽ പേർ മെഷീനിൽ ഇടുന്നതെന്നാണ് അധികൃതർ പറയുന്നത്. ആക്രിക്കടക്കാർക്ക് കുപ്പികൾ കൊടുക്കുന്നതിനെക്കാൾ ലാഭമാണ് മെഷീനിൽ ഇടുന്നതെന്നാണ് ജനങ്ങൾ പറയുന്നത്.
പ്ളാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യം ഏറ്റവുംകൂടുതൽ അനുഭവിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഗുയാക്വിൽ. റോഡുവക്കിൽ പലയിടങ്ങളിലും ഉപയോഗിച്ച പ്ളാസ്റ്റിക് വസ്തുക്കളുടെ കൂനയാണ്. രാജ്യത്ത് ഏറ്റവുമധികം പ്ളാസ്റ്റിക് മാലിന്യമുണ്ടാവുന്ന പ്രദേശവും ഗുയാക്വിലാണ്. പ്ളാസ്റ്റിക്കുൾപ്പെടെ ടൺകണക്കിന് മാലിന്യമാണ് ഇവിടെ ഓരോദിവസവും ഉണ്ടാവുന്നത്. ഇതിൽ വെറും പതിനാലുശതമാനം മാത്രമാണ് പുനരുപയോഗപ്പെടുത്തുന്നത്.
മാലിന്യപ്രശ്നത്തെക്കുറിച്ച് ബോധവത്കരിക്കാൻ അധികൃതർ പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല. തുടർന്നാണ് കുപ്പിക്കുപകരം ടിക്കറ്റ് വിദ്യ പരീക്ഷിച്ചുനോക്കിയത്. എന്തായാലും സംഗതി ഏറ്റു.