ramesh-chennithala
ramesh chennithala

 ദുരിതാശ്വാസം: സർവകക്ഷിയോഗം വിളിക്കണം

തിരുവനന്തപുരം: രണ്ടാം പ്രളയപശ്ചാത്തലത്തിൽ കഴിഞ്ഞപ്രളയത്തിന്റെ പേരിൽ ഏർപ്പെടുത്തിയ സെസ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

രണ്ട് പ്രളയങ്ങളും ഫലപ്രദമായി നേരിടുന്നതിൽ സർക്കാർ പൂർണപരാജയമായി. കഴിഞ്ഞ തവണത്തെ പ്രളയക്കെടുതിയിൽപ്പെട്ടവർക്കുള്ള പതിനായിരം രൂപയുടെ അടിയന്തര സഹായ വിതരണത്തിന്റെ കാര്യത്തിൽ ആക്ഷേപങ്ങളും അപ്പീലുകളും നിലനിൽക്കുകയാണ്. ഇപ്പോൾ പ്രഖ്യാപിച്ച പതിനായിരം രൂപയും എല്ലാ ദുരന്തബാധിതർക്കും ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഉത്തരവിറങ്ങിയപ്പോൾ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തി. ബന്ധുവീടുകളിലും അയൽവീടുകളിലും മറ്റും കഴിയുന്നവരുടെ കാര്യം പറഞ്ഞിട്ടില്ല.

സഹായവിതരണച്ചുമതല തദ്ദേശസ്ഥാപനങ്ങളെ ഏല്പിക്കാതെ ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുത്തതും പ്രശ്നമായി. റീബിൽഡ് കേരളം ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചവർ പഴയ കേരളം തിരിച്ചുതന്ന് ഉള്ള കഞ്ഞി കുടിച്ച് കഴിയാനുള്ള സാഹചര്യമെങ്കിലും ഉണ്ടാക്കിയാൽ മതി. നാല് ലക്ഷം രൂപ കൊടുത്താൽ വീട് വയ്ക്കാനാവില്ല. ആറ് ലക്ഷമെങ്കിലും അനുവദിക്കണം.കേരളത്തിൽ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അനധികൃത ക്വാറികൾ അടച്ചുപൂട്ടണം.

ദുരിതാശ്വാസനിധിയിലേക്ക് ഡൽഹി മലയാളികളും എം.പിമാരും പിരിച്ച തുക വാങ്ങിയെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ലോകബാങ്ക് അധികൃതരെ ബോധവത്കരിക്കാൻ സെപ്തംബറിൽ ചീഫ്സെക്രട്ടറിയും സംഘവും വാഷിംഗ്ടണിലേക്ക് പോവുകയാണ്. കഴിഞ്ഞ തവണ പ്രതിപക്ഷത്തിന്റെ എതിർപ്പ് കാരണം ഒഴിവാക്കിയ കെ.പി.എം.ജിയെ കൺസൾട്ടന്റായി പിൻവാതിലിലൂടെ വീണ്ടും കൊണ്ടുവരുന്നു.

ദുരന്തത്തിൽ ജനങ്ങൾ കഷ്ടപ്പെടുമ്പോഴും ഇഷ്ടപ്പെട്ടവർക്കെല്ലാം കാബിനറ്റ് പദവി കൊടുത്ത് ധൂർത്തടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.