pattabhiraman

ആടുപുലിയാട്ടം എന്ന സിനിമയ്ക്ക് ശേഷം ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ കണ്ണൻ താമരക്കുളം പട്ടാഭിരാമൻ എന്ന സിനിമ ഒരുക്കുന്നുവെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷകർ തേടിയത് ജയറാമിന്റെ രണ്ടാം വരവാണോയെന്നാണ്. ആടുപുലിയാട്ടത്തിൽ ജയറാമിന്റെ മാസിനെ കൂട്ടുപിടിച്ച് പ്രേക്ഷകരെ കൈയിലെടുക്കാൻ ശ്രമിച്ച കണ്ണൻ ഇത്തവണ ജനകീയവും സാമൂഹ്യപ്രസക്തിയുള്ള വിഷയവുമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടറായ പട്ടാഭിരാമൻ ആഹാരത്തിൽ മായം ചേർക്കുന്നതിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചയാളാണ്. ഈ നിലപാട് കൊണ്ടുതന്നെ സ്ഥലംമാറ്റത്തിൽ റെക്കാഡിടാനും പട്ടാഭിരാമന് കഴിഞ്ഞിട്ടുണ്ട്. അതുപോലൊരു സ്ഥലംമാറ്റവുമായി പട്ടാഭിരാമൻ പദ്മനഭാന്റെ മണ്ണിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

pattabhiraman1

മായം ചേരാത്ത ആദ്യപകുതി

മായം ചേരാത്ത ആദ്യ പകുതിയാണ് സിനിമയുടേത്. മായം ചേർക്കുന്നതും ഗുണനിലവാരം കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനവും വിതരണവുമെല്ലാം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ അതിശയോക്തിയില്ലാതെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു. കാലിച്ചായക്കടയിൽ തുടങ്ങുന്ന പട്ടാഭിരാമന്റെ റെയ്ഡ് ഒടുവിൽ ചെന്നുനിൽക്കുന്നത് കെ.ആർ.കെ പ്രോഡ്കട്സ് എന്ന ഹോട്ട്‌‌ലിയർ ബിസിനസ് കൊമ്പന്റെ മടയിലാണ്.

എന്നാൽ,​ അതിനാടീകയതയും അതിഭാവുകത്വങ്ങളും കാരണം രസക്കൂട്ടുകൾ വേണ്ടവിധം ചേരാതെ പാചകം ചെയ്‌തെടുത്ത വിഭവം പോലെയാകുന്നു രണ്ടാം പകുതിയെന്നതാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്‌മ. ദിനേഷ് പള്ളത്തിന്റെ തിരക്കഥ പലപ്പോഴും യഥാർത്ഥ പ്ളോട്ടിൽ നിന്ന് വ്യതിചലിക്കുന്നതിനൊപ്പം സിനിമയെ ഒരു ക്രൈം ത്രില്ലർ എന്ന തലത്തിലേക്ക് കൂടി മാറ്റുന്നുണ്ട്. ഇതോടൊപ്പം പ്രേക്ഷകർക്ക് ഊഹിക്കാൻ കഴിയുന്ന തരത്തിലുള്ള രംഗങ്ങളാണ് പിന്നിടുള്ളതെല്ലാം.

pattabhiraman2

ജയറാം മുമ്പ് പൊലീസ് വേഷത്തിൽ പലതവണ സ്ക്രീനിലെത്തിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടറായി എത്തുന്ന ജയറാമിന്റെ ഭാവം പക്ഷേ,​ അടിമുടി ഒരു പൊലീസുകാരന്റേതാണ്. എങ്കിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത സിനിമകളിൽ ഒരുപക്ഷേ ജയറാമിന് ശോഭിക്കാൻ കഴിഞ്ഞ വേഷം പട്ടാഭിരാമൻ എന്ന ഹെൽത്ത് ഇൻസ്‌പെക്ടറായിരിക്കും. ഇടയ്ക്കെങ്കിലും ഭാവപ്രകടനത്തിൽ ജയാം തന്റെ ക്ളീഷേ കഥാപാത്രങ്ങളുടെ നിഴലാട്ടം പ്രകടിപ്പിക്കുന്നുണ്ട്.


മിയ ജോർജ്,​ ഷീലു എബ്രഹാം,​ മാധുരി ബ്രഗൻസ, പാർവതി നമ്പ്യാർ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ. എന്നാൽ ഇവർക്കാർക്കും തന്നെ ശ്രദ്ധേയപ്രകടനം നടത്താനാകുന്നില്ല. ആടുപുലിയാട്ടത്തിന് ശേഷം ഷീലു ജയറാമിന്റെ നായികാകുന്ന ചിത്രം കൂടിയാണിത്. അനുമോളുടെ കളക്ടർ വേഷം എന്തിനാണെന്ന് പ്രേക്ഷകന് സംശയം തോന്നിയേക്കാം. സായികുമാർ, ബൈജു,​ ഹരീഷ് കണാരൻ,​ പ്രേംകുമാർ,​ ധർമ്മജൻ ബോൾഗാട്ടി,​ നന്ദു,​ കരമന സുധീർ,​ ജനാർദ്ദനൻ,​ രമേശ് പിഷാരടി,​ ദേവൻ,​ ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, ബിജു പപ്പൻ, ബാലാജി, പയ്യന്നൂർ മുരളി, മുഹമ്മദ് ഫൈസൽ, തെസ്നിഖാൻ തുടങ്ങീ വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. ഗാനങ്ങളൊന്നും തന്നെ അത്ര മികച്ചതൊന്നുമല്ല.

pattabhiraman3

വാൽക്കഷണം: പട്ടാഭിയുടെ രസക്കൂട്ടുകൾ

റേറ്റിംഗ്: 2.5