സമഗ്ര ചികിത്സ ആവശ്യമായ നിലയിൽ സംസ്ഥാന പൊലീസിന്റെ പൊതുവായ ആരോഗ്യനില തകർച്ചയിലാണിന്ന്. ജോലിയിലുള്ള സമ്മർദ്ദമുൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്ന താഴെത്തട്ടുകളിലുള്ള പൊലീസ് സേനാംഗങ്ങളിൽ നല്ലൊരു വിഭാഗം പൊതുവേ അസംതൃപ്‌തരും മനോനില തകർന്നവരുമാണ്. ജനങ്ങളുടെ ജീവധനാദികളും നാട്ടിൽ ക്രമസമാധാനവും നിലനിറുത്തുന്ന പൊലീസിന്റെ മനോവീര്യം തകർന്നാൽ അത് സൃഷ്‌ടിക്കുന്ന ആപത്ത് പ്രത്യേകിച്ച് പറയേണ്ടതില്ല. അച്ചടക്കത്തിന്റെ കൂച്ചുവിലങ്ങുള്ളതു കൊണ്ടുമാത്രമാണ് സേനയ്‌ക്കുള്ളിലെ പലതും പുറംലോകം അറിയാത്തത്. സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം തേടുന്നവർ പൊലീസ് സേനയിലും കൂടിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞവർഷം മാത്രം ഇത്തരത്തിൽ ജീവനൊടുക്കിയവർ പതിനെട്ടാണ്. അഞ്ചുവർഷത്തിനിടെ 45 പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്‌തുവെന്ന കണക്ക് പൊലീസ് മേധാവികളെ മാത്രമല്ല സാമൂഹ്യ മനശാസ്ത്രജ്ഞരിലും ഉത്‌കണ്‌ഠ ജനിപ്പിക്കുന്നതാണ്. അടിയന്തരമായി ഇടപെടൽ ആവശ്യമായ നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് ബോദ്ധ്യമാകാൻ ഇൗ കണക്കുകൾ ധാരാളമാണ്. നിർഭാഗ്യവശാൽ അത്തരത്തിലുള്ള എന്തെങ്കിലും നീക്കങ്ങൾ തലപ്പത്തുനിന്ന് തുടങ്ങിയതായി ഇതുവരെ കേട്ടില്ല. പൊലീസുകാരുടെ ആത്മഹത്യയെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ ആലോചനയുള്ളതായി ഡി.ജി.പി സൂചിപ്പിക്കുകയുണ്ടായി. ആത്മഹത്യകളിലധികവും സേനയിലെ പ്രശ്‌നങ്ങൾ മൂലമല്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. അധികം ആത്മഹത്യകളും സാമ്പത്തികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസ് മേധാവിയുടെ അഭിപ്രായം. ഇത് ചിത്രത്തിന്റെ ഒരുവശം മാത്രമാണെന്നതാണ് വസ്‌തുത. എന്നാൽ സമീപദിവസങ്ങളിൽ നടന്ന ആത്മഹത്യകൾ മേലുദ്യോഗസ്ഥരുടെ കടുത്ത പീഡനം കാരണമാണെന്നതിന് വ്യക്തമായ സൂചനയുള്ളതാണ്. കഴിഞ്ഞദിവസം അടൂർ കെ.എ.പി. ക്യാമ്പിലെ ഹണിരാജ് എന്ന സിവിൽ പൊലീസ് ഒാഫീസർ റാന്നിയിലെ വസതിയിൽ തൂങ്ങിമരിച്ചതാണ് പൊലീസ് ആത്മഹത്യ പരമ്പരയിൽ ഏറ്റവും ഒടുവിലത്തേത്. ശബരിമലയിലെ അഞ്ച് ദിവസത്തെ ഡ്യൂട്ടി തീർന്ന് വീട്ടിൽ വന്നതിന്റെ തൊട്ടടുത്ത പ്രഭാതത്തിലായിരുന്നു സംഭവം. പാലക്കാട്ട് ആദിവാസിയായ പൊലീസുകാരൻ മേലുദ്യോഗസ്ഥരുടെ നിരന്തര പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കിയിട്ട് അധിക ദിവസമായില്ല. ആലുവ തടയിട്ട പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാബു ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത് അതേ സ്റ്റേഷനിലെ എസ്.ഐയുടെ പീഡനം സഹിക്കവയ്യാതെയാണെന്ന് എഴുതിവച്ചിരുന്നു.
അച്ചടക്കത്തിന്റെ വാൾമുനക്കാട്ടി കീഴ് ഉദ്യോഗസ്ഥരെ വിറപ്പിച്ചു നിറുത്തുന്ന ഏർപ്പാട് പൊലീസിൽ പതിവാണ്. ഇതിനൊപ്പം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യം കൂടിയാകുമ്പോൾ സാധാരണ പൊലീസുകാർ കടുത്ത മാനസിക സംഘർഷം നേരിടേണ്ടിവരുന്നു. പൊലീസുകാരൻ കുടുംബവും കുട്ടികളും ഒക്കെ ഉള്ളവരാണെന്ന ചിന്ത മറന്നാണ് അവരുടെ ഡ്യൂട്ടി ക്രമീകരിക്കാറുള്ളത്. ഇൻസ്‌പെക്‌ടർ തലത്തിലുള്ളവരും അവർക്ക് മുകളിലുള്ള ഒാഫീസർമാരുടെ ആട്ടും തുപ്പും കേൾക്കാൻ വിധിക്കപ്പെട്ടവരായതിനാൽ അവർ ദേഷ്യം തീർക്കുന്നത് താഴെത്തട്ടിലുള്ളവരോടാകും. മുകളിൽ നിന്ന് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ആഞ്ജവന്നാലും അത് ശിരസാവഹിക്കാൻ അവർ ബാദ്ധ്യസ്ഥതരാണ്. ഇതുമായി ബന്ധപ്പെട്ട പിന്നീട് പ്രശ്നം വല്ലതും ഉണ്ടായാൽ കുടുങ്ങുന്നതും താഴേതട്ടിലുള്ളവരാകും. ഇപ്പോഴും വിവാദം കത്തിനിൽക്കുന്ന കെ.എം. ബഷീറിനെ കാറിടിപ്പിച്ചുകൊന്ന ഐ.എ.എസുകാരന്റെ കേസു തന്നെ ഇതിന് ഒന്നാന്തരം ഉദാഹരണമാണ്. ഐ.എ.എസുകാരനെ രക്ഷിക്കാൻ പാകത്തിൽ കേസിന്റെ രേഖകൾ തയാറാക്കാൻ മ്യൂസിയം എസ്.ഐക്ക് നിർദ്ദേശം ലഭിച്ചത് മുകൾത്തട്ടിൽ നിന്നാണ്. സംഗതി വൻ വിവാദമായതോടെ ക്രൂശിക്കപ്പെട്ടത് എസ്.ഐമാത്രം. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ കല്പിച്ച മേലധികാരി ഇപ്പോൾ ചിത്രത്തിൽ പോലുമില്ല. വമ്പൻമാരുൾപ്പെട്ട ഏതുകേസിലും ഇതുപോലൊക്കെയാണ് കാര്യങ്ങൾ.
കൊല്ലത്ത് മന്ത്രി വാഹനക്കുരുക്കിൽ പെട്ടതിന്റെ പേരിൽ സസ്പെൻഷനിലായത് മൂന്ന് പൊലീസുകാരാണ്. പൊലീസുകാർക്കെതിരെ നടപടി എടുക്കാൻ താൻ ആവശ്യപ്പെട്ടിരുന്നില്ലെന്ന് മന്ത്രി പിന്നീട് സ്വന്തം നിലപാട് അറിയിച്ചിരുന്നു. മന്ത്രിക്ക് പിന്നാലെ ഉണ്ടായിരുന്ന റൂറൽ എസ്.പിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തൽക്ഷണം സസ്പെൻഡ് ചെയ്യാനുള്ള ഉത്തരവ് ഇട്ടത്. ജനവികാരം എതിരാണെന്ന് കണ്ട് സസ്പെൻഷൻ പിന്നീട് പിൻവലിച്ച് തടിയൂരിയെങ്കിലും ഇത്തരം അതിരുവിട്ട സമീപനം പൊലീസിന്റെ മനോവീര്യത്തെ ബാധിക്കുകതന്നെ ചെയ്യും.
പൊലീസ് സേന കാലത്തിനനുസൃതമായി ഒരുപാട് മാറിയിട്ടുണ്ടെങ്കിലും പൂർണമായും പരിഷ്‌കൃതമായെന്ന് പറയാൻ ആവില്ല. അത് സാദ്ധ്യമാകണമെങ്കിൽ ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. എല്ലാ തലങ്ങളിലും സംസ്‌കാര സമ്പന്നമായ സേനയുടെ സാന്നിദ്ധ്യം ഉറപ്പാകുമ്പോഴാണ് പൗരസമൂഹത്തിനും അതിന്റെ ഗുണം ലഭിക്കുന്നത്. ജനങ്ങൾക്ക് പൊലീസിനോടുള്ള പരാതിപോലെ പൊലീസിലെ താഴേ തട്ടുകളിലുള്ളവരും മേലധികാരികളുടെ കാർക്കശ്യത്തിലും വഴിവിട്ട സമീപനങ്ങളിലും ആവലാതി ഉള്ളവരാണ്. അതിന്റെ ബഹിർസ‌്ഫുരണമായി വേണം പൊലീസുകാർക്കിടയിൽ പൊതുവെ കാണുന്ന മാനസിക സമ്മർദ്ദം. താങ്ങാനാവാത്ത ജോലിഭാരം പൊലീസുകാരുടെയും മനോനില വഷളാക്കും. അത് മനസിലാക്കി ആവശ്യമായ പരിഹാര നടപടി എടുക്കാൻ സേനയെ നയിക്കുന്നവർക്ക് ഉത്തരവാദിത്വം ഉണ്ട്.