വക്കം: നാടിന്റെ വളർച്ചയ്‌ക്ക് കേരളകൗമുദിയുടെ നിർദ്ദേശങ്ങൾ എന്നും വഴിയൊരുക്കിട്ടുണ്ടന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. വക്കത്ത് ആരംഭിച്ച കേരളകൗമുദി ബ്യൂറോ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രാധിപർ കെ. സുകുമാരൻ പിന്നാക്കക്കാർക്ക് വേണ്ടിയാണ് തൂലിക ചലിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിയുടെ നിർദ്ദേശങ്ങൾ പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ബി. സത്യൻ എം.എൽ.എ പറഞ്ഞു. വക്കം ഫാർമേഴ്സ് സർവീസ് സഹകര ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി, എൻ. ബിഷ്‌ണു, ഗംഗാ ഗോപിനാഥൻ, കേരളകൗമുദി പരസ്യമാനേജർ വിമൽകുമാർ, സർക്കുലേഷൻ മാനേജർ അനിൽകുമാർ, അസിസ്റ്റന്റ് പരസ്യമാനേജർ സുധികുമാർ, കേരളകൗമുദി ലേഖകൻ ബൈജു മോഹൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ അടൂർപ്രകാശ് എം.പി ആദരിച്ചു. തുടർന്ന് നന്ദനം മ്യൂസിക് വർക്കല അവതരിപ്പിച്ച ട്രാക്ക് ഗാനമേളയുമുണ്ടായിരുന്നു.