കൗൺസലിംഗ് ഡ്യൂട്ടിയായി കണക്കാക്കും; യാത്രാബത്തയും ക്ഷാമബത്തയും നൽകും
തിരുവനന്തപുരം: പ്രശ്‌നങ്ങൾ താങ്ങാനാവാതെ പൊലീസുകാർ ആത്മഹത്യയിൽ അഭയം തേടുന്നത് തടയാൻ അവരെ മാനസികമായി ശക്തരാക്കാനുള്ള പരിശീലനം നൽകും . 61,000 പൊലീസുകാർക്കും മാനസിക പ്രശ്‌നങ്ങൾ നേരിടാനുള്ള പരിശീലനം നൽകുന്ന ട്രെയിനിംഗ് മൊഡ്യൂളിന് രൂപം നൽകിയതായി ഡി.ജി.പി ലോക്നാഥ് ബെഹറ പറഞ്ഞു.
അമിത ജോലിഭാരം, മേലുദ്യോഗസ്ഥരുടെ തട്ടിക്കയറൽ,രാഷ്ട്രീയ സമ്മർദങ്ങൾ,കുടുബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്ത അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങളാൽ കീഴ്‌ത്തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥർ താങ്ങാനാവാത്ത സമ്മർദ്ദത്തിലാണെന്ന് 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
കഠിനജോലി ചെയ്യുന്ന പൊലീസുകാരുടെ മാനസിക, കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സൈക്കോളജിസ്റ്റുകൾ അടക്കം വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കും. ഇവർ തിരുവനന്തപുരം എസ്.എ.പിയിലെ കൗൺസലിംഗ് സെന്ററിൽ പൊലീസുകാർക്ക് കൗൺസലിംഗ് നൽകും. കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നവരെ കണ്ടെത്തി എസ്.എച്ച്.ഒമാർ എസ്.എ.പിയിലേക്ക് അയയ്ക്കണം. കൗൺസലിംഗിനെത്താൻ യാത്രാബത്തയും ക്ഷാമബത്തയും നൽകും. കൗൺസലിംഗ് ദിവസങ്ങൾ ഡ്യൂട്ടിയായി കണക്കാക്കും. മാനസിക സംഘർഷമുള്ളവരെ കണ്ടെത്താനും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനും എസ്.എച്ച്.ഒമാർക്ക് തൃശൂർ പൊലീസ് അക്കാഡമിയിലും തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിംഗ് കോളേജിലും പരിശീലനം നൽകും. ഭാവിയിൽ എല്ലാ ജില്ലകളിലും പൊലീസുകാർക്ക് കൗൺസലിംഗ് സെന്ററുകളുണ്ടാക്കും.
പൊലീസുകാരുടെ ആത്മഹത്യകളിൽ ഭൂരിഭാഗവും തൊഴിൽപരമായ കാരണങ്ങളാലല്ലെന്ന് ഡി.ജി.പി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് കൂടുതലും. അടുത്തിടെയുണ്ടായ 18ആത്മഹത്യകൾ പരിശോധിച്ചപ്പോൾ അവയിലേറെയും സാമ്പത്തിക പ്രശ്‌നങ്ങളാലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസുകാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ തയ്യാറാവണം. സ്റ്റേഷനിലെ പൊലീസുകാരെ ഒരു കുടുംബം പോലെ പരിഗണിക്കണം. മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ലഘുവായ ഡ്യൂട്ടികൾ നൽകണം. മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവരെ സൂക്ഷ്‌മതയോടെ പരിഗണിക്കുകയും വേണം. ഇക്കാര്യങ്ങൾ വിശദീകരിച്ച് എസ്.എച്ച്.ഒമാർക്ക് നിർദ്ദേശം ഉടൻ പുറപ്പെടുവിക്കും. എ.ഡി.ജി.പിമാരായ ബി.സന്ധ്യ, ആർ.ശ്രീലേഖ എന്നിവർ പൊലീസുകാരുടെ ആത്മഹത്യ കൂടുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആത്മഹത്യാനിരക്ക് വീണ്ടും കൂടുന്നത് ശാസ്ത്രീയമായി പഠിക്കാൻ സമിതിയെ നിയോഗിക്കും.
''കേരളത്തിൽ ആത്മഹത്യാനിരക്ക് കൂടുതലാണ്. അത് പൊലീസിലും പ്രതിഫലിക്കും.
നിസാര കാര്യങ്ങളിൽ പൊലീസുകാർ തളരരുത്. സേനയാകെ നിങ്ങൾക്കൊപ്പമുണ്ട്.''
-ലോക്നാഥ് ബെഹ്റ
പൊലീസ് മേധാവി