തിരുവനന്തപുരം: ബഹുജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ പങ്കാളികളാവരുതെന്നും ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിക്കണമെന്നും സി.പി.എം സംസ്ഥാന സമിതിയുടെ നിർദ്ദേശം.
പാർട്ടി പ്രവർത്തകർ വിനയാന്വിതരായി ഇടപെടുകയും സ്നേഹം പിടിച്ചുപറ്റുന്ന തരത്തിൽ പ്രവർത്തിക്കുകയും വേണം. തർക്കവിഷയങ്ങളിൽ പക്ഷം ചേർന്ന് പാർട്ടി അധികാര കേന്ദ്രമായി പ്രവർത്തിക്കരുത്. ജനങ്ങളുടെ വിമർശനങ്ങൾ കണക്കിലെടുക്കണം. നമ്മൾ പറയുന്നതെല്ലാം ജനങ്ങൾ അംഗീകരിച്ചെന്നുവരില്ല. അത്തരം കാര്യങ്ങളിൽ നിർബന്ധം പിടിക്കരുത്.
കാലാനുസൃതമായ മാറ്റങ്ങൾ സംഘടനാ പ്രവർത്തനത്തിൽ കൊണ്ടുവരാനും വികസനം, സമാധാനം എന്ന മുദ്രാവാക്യമുയർത്തി ഭരണസംവിധാനം കാര്യക്ഷമമാക്കി നീങ്ങാനും തീരുമാനിച്ചതായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിനെ മാത്രം നേരിട്ടാണ് നേരത്തേ പാർട്ടി പ്രവർത്തിച്ചതെങ്കിൽ ഇപ്പോൾ ആർ.എസ്.എസ് നേതൃത്വത്തിൽ ബി.ജെ.പി കേന്ദ്രഭരണമുപയോഗിച്ച് ഫാസിസ്റ്റ് പ്രവർത്തനങ്ങൾ നടത്തുന്നു. ഈ വെല്ലുവിളി നേരിടുന്ന തരത്തിൽ സംഘടനാപ്രവർത്തനം മാറണം. ഹിന്ദുവർഗീയതയും, പോപ്പുലർഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും മറ്റും ശക്തിപ്പെടുത്താൻ നോക്കുന്ന മുസ്ലിം വർഗ്ഗീയതയും ചേർന്ന് മതനിരപേക്ഷ അടിത്തറ തകർക്കാൻ നോക്കുന്നു. ഇതിനെതിരെ മതനിരപേക്ഷ ജനാധിപത്യവാദികളെ അണിനിരത്തണം.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വർദ്ധിച്ച ജനപിന്തുണ നേടിയെടുക്കാനായെങ്കിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബഹുജനസ്വാധീനത്തിൽ ചോർച്ചയുണ്ടായി. സി.പി.എമ്മിന്റെയും മുന്നണിയിലെ മറ്റ് കക്ഷികളുടെയും സ്വാധീനം ശക്തിപ്പെടുത്തി ബഹുജനാടിത്തറ വിപുലീകരിക്കണം. ഇടതുപക്ഷ നിലപാടുള്ള സംഘടനകളെയും മതനിരപേക്ഷ അടിത്തറയുള്ള സംഘടനകളെയും പരിസ്ഥിതി, ദളിത്, വനിതാ മേഖലകളിലുള്ള ഗ്രൂപ്പുകളെയും വ്യക്തികളെയും ഒരുമിച്ച് അണിനിരത്തണം.
അക്രമത്തിൽ പങ്കാളിയാവരുത്
അക്രമപ്രവർത്തനങ്ങളിൽ ഒരു തരത്തിലും പങ്കാളികളാവരുത്. സി.പി.എമ്മിനെ അക്രമപ്പാർട്ടിയായി ചിത്രീകരിക്കാൻ എതിരാളികൾക്ക് അവസരമുണ്ടാക്കരുത്. എവിടെയെങ്കിലും അക്രമമുണ്ടാവുകയാണെങ്കിൽ നിരുത്സാഹപ്പെടുത്തണം. അനുഭാവികൾ അക്രമസംഭവത്തിൽ പെട്ടാലും പാർട്ടിയെ ബാധിക്കും. വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്ന ശൈലി പാടില്ല. അങ്ങനെയുള്ളവരെ തിരുത്തണം. സർക്കാരും കർക്കശമായി ഇടപെടണം.
പ്രകൃതിദുരന്തം: പഠനം വേണം
തുടർച്ചയായ രണ്ടുവർഷം പ്രളയദുരന്തമുണ്ടായ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ വിദഗ്ദ്ധരെക്കൊണ്ട് പഠനം നടത്തണം. പശ്ചിമഘട്ട സംരക്ഷണത്തിന് നേരത്തേയുള്ള റിപ്പോർട്ടുകളിൽ നടപ്പാക്കാവുന്നവ നടപ്പാക്കണം. ഏത് മലമുകളിലും പോയി താമസിക്കാമെന്ന നില ഇനി പറ്റില്ല. കെട്ടിടനിർമ്മാണങ്ങൾക്ക് മാസ്റ്റർപ്ലാനുണ്ടാവണം. മണൽവാരലും കരിങ്കല്ല് പൊട്ടിക്കലും പ്രധാന വിഷയമായതിനാൽ അത് പരിഹരിക്കാൻ നിർമ്മാണ രീതിയിൽ മാറ്റം വരണം. അതിന് സർക്കാർ മാതൃകയുണ്ടാക്കണം. പാർട്ടി കെട്ടിടങ്ങളും ആ രീതിയിലാവണം. ശാസ്ത്രമേഖലയിൽ ഇടപെടൽ ശക്തമാക്കണം.