തിരുവനന്തപുരം : മതവിശ്വാസത്തിന്റെ കാര്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശയക്കുഴപ്പത്തിലാണെന്നും ആരാധനാലയങ്ങളിൽ പാർട്ടി പ്രവർത്തകർ ആധിപത്യം ഉറപ്പിക്കണമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇതിന് തെളിവാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘപരിവാർ പ്രവർത്തനങ്ങൾക്ക് പിന്നാലെ പോകാനാണ് കോടിയേരിയും പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നത്. വിശ്വാസത്തിന്റെ കാര്യത്തിൽ സംഘപരിവാറും സി.പി.എമ്മും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തുടർച്ചയായി രണ്ട് പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ ദുരന്തമായി ഈ സർക്കാർ മാറി. പരിസ്ഥിതിയെ കുറിച്ച് മുറവിളി കൂട്ടുന്ന പാർട്ടിക്കാർ തലശേരിയിലെ വിവിധഭാഗങ്ങളിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിച്ചാണ് പാർട്ടി കെട്ടിടങ്ങൾ പണിതത്. പ്രകൃതിദുരന്തം ആഞ്ഞടിച്ച കവളപ്പാറയിലും പുത്തുമലയിലും തിരിഞ്ഞുനോക്കാൻ തയ്യാറാകാത്ത കോടിയേരി പ്രകൃതി സ്നേഹത്തെ കുറിച്ചു പറയുന്നത് അപഹാസ്യമാണ്. സംസ്ഥാനത്ത് പുതിയതായി ഒരു ക്വാറിയും അനുവദിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ദുബായിൽ ചെക്ക് കേസിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയെ രക്ഷിക്കാൻ എല്ലാ തിരക്കുകളും മാറ്റിവച്ച് മുഖ്യമന്ത്രി ഇടപെട്ടത് ബി.ജെ.പിയുമായുള്ള അവിശുദ്ധബന്ധത്തിന്റെ തെളിവാണ്. തുഷാർ സാധാരണ വ്യവസായി അല്ലെന്ന മന്ത്രി ഇ.പി.ജയരാജന്റെ വാക്കുകൾ രഹസ്യധാരണയുടെ ഉദാഹരണമാണ്. ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി യോഗത്തെ വലിച്ചിഴയ്ക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.