സർക്കാരിന്റെ പ്രവർത്തനത്തിൽ മതിപ്പ്
തിരുവനന്തപുരം: നവകേരളവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നാല് മിഷനുകളുടെ പ്രവർത്തനത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്താനായില്ലെന്ന് സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ വിമർശനമുയർന്നതായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നവകേരള മിഷനും തദ്ദേശഭരണസ്ഥാപനങ്ങളുടെ മുൻകൈയോടെ ജനപങ്കാളിത്തം ഉറപ്പാക്കി മുന്നോട്ട് കൊണ്ടുപോകണം. സർക്കാരിന്റെ പ്രവർത്തനത്തിൽ പൊതുവെ മതിപ്പാണെങ്കിലും പോരായ്മകൾ പല മേഖലകളിലുമുള്ളത് പരിഹരിക്കണമെന്ന് സംസ്ഥാന സമിതി നിർദ്ദേശിച്ചു. സർക്കാരിന്റെ പ്രവർത്തന വേഗത കൂട്ടണം. ഭരണസംവിധാനം കാര്യക്ഷമമാക്കണം.
അഴിമതിരഹിത ഭരണം ഉറപ്പുവരുത്താനായി. എന്നാൽ ഉദ്യോഗസ്ഥതലത്തിൽ ചില മേഖലകളിൽ അഴിമതിയാക്ഷേപം നിലനിൽക്കുന്നു. ഓരോ വകുപ്പും ഇടപെട്ടാണ് ഇതിൽ നടപടിയെടുക്കേണ്ടത്. നീതി നിഷേധങ്ങൾ പാടില്ല. സർക്കാരിന്റെ പ്രവർത്തനം ശക്തിപ്പെടുത്തി കൂടുതൽ ജനപിന്തുണ ആർജ്ജിക്കാനായി പ്രഖ്യാപിച്ച പദ്ധതികൾക്ക് മുൻഗണന നൽകണം.
രാജ്യത്ത് ഇടതുപക്ഷ സർക്കാരുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളം. ഒട്ടേറെ പരിമിതികൾക്കുള്ളിൽ നിന്നാണ് സർക്കാർ പ്രവർത്തിക്കുന്നത്. മുൻകാലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി കേന്ദ്രസർക്കാർ വൈരനിര്യാതന ബുദ്ധിയോടെയാണ് കേരളത്തോട് പെരുമാറുന്നത്. പ്രളയമുണ്ടായപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ അമിത്ഷാ ആകാശ നിരീക്ഷണം നടത്തിയപ്പോൾ പോലും കേരളത്തെ ഒഴിവാക്കി. 4500 കോടിയുടെ പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾക്ക് പ്രഖ്യാപിച്ചപ്പോഴും കേരളത്തിന് ഒന്നും തന്നില്ല. ജി.എസ്.ടി വിഹിതം വെട്ടിക്കുറയ്ക്കാൻ പോകുന്നു. പ്രതിരോധ ചെലവിലേക്ക് ജി.എസ്.ടിയിൽ ഒരു വിഹിതം പിടിക്കാൻ പോകുന്നു. വരുമാനങ്ങളെല്ലാം കേന്ദ്രത്തിലേക്ക് നിക്ഷിപ്തമാക്കുന്നു. ഈ പരിമിതികൾ ജനങ്ങളോട് തുറന്നുപറയാനും അവഗണന തുറന്നുകാട്ടാനും തീരുമാനിച്ചു.