kodiyeri-balakrishnan-
kodiyeri balakrishnan

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന് ഒരു പാർട്ടിയോടും നേതാവിനോടും വൈരനിര്യാതന ബുദ്ധിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ പ്രസിഡന്റിന് ഒരു പ്രശ്നമുണ്ടായപ്പോൾ അദ്ദേഹത്തെ ശരിപ്പെടുത്തിക്കളയാം എന്ന സമീപനമല്ല. അദ്ദേഹത്തിന്റെ കേസിൽ ഇടപെട്ടതിൽ തെറ്റില്ല. ഷാർജ ജയിലിലുണ്ടായിരുന്നവരെയെല്ലാം വിട്ടയയ്ക്കാൻ നേരത്തേ സർക്കാർ ഇടപെട്ടില്ലേ.

രാഷ്ട്രീയമായി ഇത്തരം വിഷയങ്ങളെ കാണുന്ന രീതിയില്ല. സോളാർ കേസിൽ കോൺഗ്രസിലെ എത്ര നേതാക്കളുൾപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം സർക്കാർ ഉടനേ അറസ്റ്റ് ചെയ്യാനൊന്നും പോയില്ലല്ലോ. തിരഞ്ഞെടുപ്പിൽ അവരിൽ പലരും മത്സരിച്ചപ്പോൾപോലും ഉപയോഗിച്ചില്ല. ഇത്തരം നാറ്റക്കേസുകളുടെ പിന്നാലെ പോയി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന സമീപനമില്ല.

ബിനോയ് കോടിയേരിയുടെ കാര്യത്തിൽ ഒരു വ്യക്തി എന്ന നിലയിലാണ് കണ്ടത്. തന്റെ മകന്റെ വ്യക്തിപരമായ കാര്യം അവൻ തന്നെ തീർക്കട്ടെയെന്നായിരുന്നു സമീപനം. അതിലെങ്ങാനും സർക്കാർ ഇടപെട്ടിരുന്നെങ്കിൽ നിങ്ങൾ (മാദ്ധ്യമങ്ങൾ) തന്നെ എന്തെല്ലാം പ്രശ്നങ്ങളുണ്ടാക്കിയേനെ. അറബി ഇതാ, കേരളം വിഴുങ്ങാൻ വരുന്നു എന്നെല്ലാം പറഞ്ഞതല്ലേ. ബിനോയ് ശബരിമലയിൽ പോയതിനെപ്പറ്റി ചോദിച്ചപ്പോൾ പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളിൽ പലരും ക്ഷേത്രങ്ങളിൽ പോകാറുണ്ടെന്നും അതൊന്നും വിലക്കിയിട്ടില്ലെന്നുമായിരുന്നു മറുപടി. മകൻ പാർട്ടിയംഗവുമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.