general

ബാലരാമപുരം: ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. കൃഷ്ണന്റെയും രാധയുടേയും കംസന്റെയും വേഷമണിഞ്ഞ ബാലികാ ബാലൻമാരെ വരവേൽക്കാൻ വീഥികളിലെല്ലാം ആളുകൾ തിക്കിത്തിരക്കി. മിക്കയിടങ്ങളിലും ഉറിയടി വിളംബരവും ഉണ്ടായിരുന്നു. അഷ്ടമി രോഹിണി മഹോത്സവത്തോടനുബന്ധിച്ച് നെല്ലിവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമൂഹപൊങ്കാലയും സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു. ശ്രീകൃഷ്ണന്റെ പഞ്ചലോഹ നിർമ്മിത വിഗ്രഹം ആനപ്പുറത്ത് തിടമ്പിലേറ്റ് ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച് കാട്ടുനട ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും ഘോഷയാത്രയോടുകൂടി താലപ്പൊലി,​ അഷ്ടമംഗല്യവിളക്ക്,​ കുംഭം,​ ശിങ്കാരിമേളം,​ പഞ്ചവാദ്യം,​ പൂക്കാവടി എന്നിവയുടെ അകമ്പടിയോടെ മംഗലത്തുകോണം,​ പനയറക്കുന്ന്,​ കട്ടുകത്തല,​ നെല്ലിവിള,​ മൈലാമൂട്,​ പുതിച്ചൽ,​ കുളത്തിൻകര വഴി പൊറ്റയിൽ,​ നെല്ലിവിള,​ അമ്പിലിയോട്,​ അഴിപ്പിൽ ക്ഷേത്രനട വഴി ക്ഷേത്രസന്നിധിയിൽ സമാപിച്ചു.

ബാലഗോകുലം ബാലരാമപുരം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭയാത്ര മാളോട്ട് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അഗസ്ത്യാർ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. രാധാ കൃഷ്ണ വേഷമണിഞ്ഞ നാന്നൂറോളം ബാലികാബാലൻമാർ ശോഭായാത്രയ്ക്ക് മിഴിവേകി. രക്ഷാധികാരി എ. ശ്രീകണ്ഠൻ,​ സഹരക്ഷാധികാരി പുന്നക്കാട് ബിജു,​ ഘോഷയാത്ര പ്രമുഖ് മാരായ ആദർശ്,​ ശ്രീജിത്ത്,​ പ്രവീൺ,​ വിനോദ്,​ കിഷോർ,​ അനി,​ രാജേഷ്,​ രാജീവ് എന്നിവർ നേത്യത്വം നൽകി.

ബാലഗോകുലം ഊരൂട്ടമ്പലം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഊരൂട്ടമ്പലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ശോഭായാത്ര കൂവളശ്ശേരി ശിവക്ഷേത്രത്തിൽ സമാപിച്ചു. കൃഷ്ണവേഷമണിഞ്ഞ ബാലികാബാലൻമാൻ അണിനിരന്ന ശോഭയാത്ര കൗതുകകാഴ്ചയായി. ബാലഗോകുലം മംഗലത്തുകോണം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭയാത്ര ഇടുവയിൽ നിന്നും ആരംഭിച്ച് ഭജനമഠത്ത് സമാപിച്ചു. രാധാകൃഷ്ണവേഷമണിഞ്ഞ നാന്നൂറോളം ബാലികാബാലൻമാർ ശോഭയാത്രയിൽ പങ്കെടുത്തു. മഠം മന്ദിർ പ്രമുഖ് മംഗലത്തുകോണം രാഗം സുധി,​ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല,​ വാർഡ് മെമ്പർമാരായ സുലേഖ,​ ലത,​ ബി.ജെ.പി കോവളം നിയോജക മണ്ഡലം പ്രസിഡന്റ് കട്ടച്ചൽക്കുഴി രാധാകൃഷ്ണൻ തുടങ്ങിയവർ ശോഭായാത്രക്ക് നേതൃത്വം നൽകി.