1

വിഴിഞ്ഞം: ശ്രീലങ്കൻ തീരത്തെത്തിയ കേരള രജിസ്ട്രേഷൻ മത്സ്യ ബന്ധന ബോട്ട് ദുരൂഹത പടർത്തി. ബോട്ടിലെ താത്കാലിക രജിസ്ട്രേഷൻ നമ്പർ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കി. ഒടുവിൽ കെ.എൽ.01.ബി.35019 എന്ന യഹോവയിരേ ബോട്ട് വിഴിഞ്ഞം പൂവാർ സ്വദേശി മാർട്ടിന്റേതാണെന്നു കണ്ടെത്തി. ബോട്ട് ശ്രീലങ്കയിൽ എത്തിയതിനെക്കുറിച്ച് അധികൃതർ ഇന്ത്യൻ കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം വിഴിഞ്ഞം പൂവാർ സ്വദേശി മാർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബർ ബോട്ട്. ആഗസ്റ്റ് 15 നാണ് കേരള ഫിഷറീസിന്റെ രജിസ്‌ട്രേഷനുള്ള ഫൈബർ ബോട്ട് ശ്രീലങ്കയിലെ ബഹിവാലാ ബീച്ചിൽ അടിഞ്ഞത്. ശ്രീലങ്കൻ ഹൈക്കമ്മിഷണർ ഇന്ത്യൻ ഹൈക്കമ്മിഷണറെ ഔദ്യോഗികമായി സംഭവം അറിയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

ബോട്ടിൽ രേഖപ്പെടുത്തിയിരുന്നത് താത്കാലിക രജിസ്ട്രേഷൻ ആയതിനാൽ ആദ്യം ഉടമയെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടി. തമിഴ്‌നാട് മുട്ടത്ത് നിന്ന് 7-ാം തീയതി മത്സ്യബന്ധനത്തിനിടെ കടൽ ക്ഷോഭത്തിൽപ്പെട്ട് ഗ്രൂപ്പ് ഫിഷിംഗിലെ തന്റെ കാരിയർ വള്ളം രാത്രി 12 മണിക്ക് നഷ്ടപ്പെട്ടതായി മാർട്ടിന്‍ പൂവാർ പൊലീസിൽ പരാതി നൽകിയിരുന്നു. ബോട്ട് മറ്റൊരാളിൽ നിന്ന് വാങ്ങിയതാണെന്നും ബോട്ട് നഷ്ടപ്പെടുമ്പോൾ എൻജിൻ ഉണ്ടായിരുന്നുവെന്നും മാർട്ടിൻ നൽകിയ പരാതിയിൽ പറയുന്നു. ശ്രീലങ്കൻ തീരത്തടിഞ്ഞ ബോട്ടിൽ എൻജിൻ ഉണ്ടായിരുന്നില്ല. ഓയിൽ ടാങ്കുണ്ടായിരുന്നുവെന്ന് ബോട്ട് കസ്റ്റഡിയിൽ എടുത്ത ശ്രീലങ്കൻ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. ഇതേ ദിവസം തന്നെ മറ്റൊരു ബോട്ടും നഷ്ടപ്പെട്ടതായി പൂവാർ സ്വദേശി സെബാസ്റ്റ്യനും പരാതി നൽകിയിട്ടുണ്ടെന്ന് പൂവാർ കോസ്റ്റൽ പൊലീസ് പറഞ്ഞു. അന്വേഷണ സംഘം മാർട്ടിന്റെ മൊഴി രേഖപ്പെടുത്തി. ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് തീവ്രവാദികൾ കടന്ന വിവരം പുറത്തുവന്നതോടെ ഈ സംഭവം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.