തിരുവനന്തപുരം: വിശ്വാസികളുടെ പ്രശ്നത്തിൽ സൂക്ഷ്മതയോടെ ഇടപെടാൻ സി.പി.എം പാർട്ടി അനുഭാവികൾ മാറിനിൽക്കുന്നത് മുതലെടുത്ത് ക്ഷേത്രനിയന്ത്രണം ആർ.എസ്.എസ് കൈപ്പിടിയിലൊതുക്കാൻ നടത്തുന്ന നീക്കം പ്രതിരോധിക്കുകയാണ് ലക്ഷ്യം. പ്രാദേശികമായി ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റും ഭാരവാഹിത്വമേറ്റെടുക്കുന്നതിൽ പാർട്ടി അനുഭാവികളെ പ്രോത്സാഹിപ്പിക്കും. സംഘടനാശാക്തീകരണവും തിരുത്തൽനടപടികളും ചർച്ച ചെയ്യാൻ മൂന്ന് ദിവസമായി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിശ്വാസിപ്രശ്നത്തിൽ പക്ഷേ നിലവിലെ നിലപാട് മാറ്റാനൊന്നും തീരുമാനിച്ചിട്ടില്ല. വിശദമായ ചർച്ചയും അവിടെയുണ്ടായിട്ടില്ല.
പാർട്ടിയംഗത്തിന് ശബരിമലയിലും മക്കയിലും പോകാമെന്നും നടപടിയെടുക്കില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു. സംസ്ഥാനസമിതി അംഗമായിരിക്കെയാണ് ടി.കെ. ഹംസ മക്കയിൽ പോയത്. പാർട്ടി നടപടിയെടുത്തിട്ടില്ല. വിശ്വാസികളുടെ ബോധനിലവാരം മാറ്റാൻ വേറെ പ്രവർത്തനമാണ് ഉണ്ടാവേണ്ടത്.
വിവിധ നേതൃതലത്തിലുള്ളവർക്ക് പെരുമാറ്റസംഹിതയുണ്ടെന്നും ഉത്സവക്കമ്മിറ്റികളിൽ മുതിർന്ന നേതാക്കളെ പങ്കെടുക്കാൻ അനുവദിക്കാറില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
. താൻ ഉത്സവസ്ഥലത്ത് പോയിട്ടുണ്ട്. പക്ഷേ കമ്മിറ്റിയുടെ ഭാഗമായിട്ടില്ല. താനൊരിക്കലും വിശ്വാസിയല്ല. ആര് ക്ഷേത്രത്തിൽ പോകണം, പോകണ്ട എന്നൊന്നും പാർട്ടി തീരുമാനിക്കാറില്ല. ദേവസ്വംബോർഡിന്റെ ഉത്തരവാദിത്വമേറ്റെടുക്കാൻ പാർട്ടിയംഗങ്ങളെ അനുവദിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റംഗത്തിന് ഇപ്പോൾ ദേവസ്വംബോർഡിന്റെ ചുമതലയില്ലേ.
വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തരുത്. ജനങ്ങളുമായി ബന്ധപ്പെടാനുള്ള വേദിയാണ് ഉത്സവങ്ങൾ. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാകാര്യങ്ങളിൽ പങ്കെടുക്കണം.