നേമം: കാൽ വഴുതി വീടിനു സമീപത്തെ സെപ്ടിക് ടാങ്കിൽ വീണ വീട്ടമ്മയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പൂജപ്പുര ആലപ്പുറം റോഡ് മകയിരത്തിൽ വിജയകുമാരൻ നായരുടെ ഭാര്യ അനിതകുമാരിയെ (58) ആണ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 4 മണിയോടാ വീടിനു പിറകുവശത്തുളള മഴയിൽ കുതിർന്ന നിലയിലായിരുന്ന സെപ്ടിക് ടാങ്കിന്റെ സ്ലാബിൽ ചവിട്ടവേ അബദ്ധവശാൽ ഇരുപതടി താഴ്ചയുള്ള ടാങ്കിലേക്ക് വീഴുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും ചേർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ചെങ്കൽചൂളയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ജി.സുരേഷ് കുമാർ, ലീഡിംഗ് ഫയർമാൻ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുളള സംഘം എത്തി വല ഉപയോഗിച്ചാണ് ഇവരെ പുറത്തെടുത്തത്.
വലതുകാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അനിതകുമാരി. ടാങ്കിൽ വീണ് അതേ കാലിന് ഇവർക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.