തിരുവനന്തപുരം:പ്രളയവും ഉരുൾപൊട്ടലും മൂലമുണ്ടായ ദുരന്തത്തിൽ പെട്ട എല്ലാവർക്കും സർക്കാർ സഹായം ഉറപ്പാക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പരിഷ്‌കരിച്ചു. ഇതനുസരിച്ച് സർക്കാർ മുന്നറിയിപ്പ് കണക്കിലെടുത്ത് ബന്ധുവീടുകളിലേക്ക് മാറിയവർ, തനിച്ചോ, കൂട്ടമായോ താമസിച്ച അന്യസംസ്ഥാന തൊഴിലാളികൾ, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ കഞ്ഞിപ്പുരകളിൽ രജിസ്റ്റർ ചെയ്ത് ഭക്ഷണം കഴിച്ചവർ എന്നിവരെയും ദുരന്തബാധിതരായി കണക്കാക്കും. പ്രളയത്തിൽ വീട് ഭാഗികമായോ, പൂർണ്ണമായോ നശിച്ചവർക്കും. വീട് വിട്ട് ക്യാമ്പുകളിൽ താമസിച്ചവർക്കും മാത്രമായിരുന്നു നേരത്തേ സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നത്.

വീടുകൾ നഷ്ടപ്പെട്ടവർക്കും താമസയോഗ്യമല്ലാതായവർക്കും ചുമരുകൾ അടർന്ന് അപകടാവസ്ഥയിലായവർക്കും ലാൻഡ് റവന്യൂകമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം സഹായത്തിന്റെ തോത് വ്യക്തമാക്കി മാനദണ്ഡവും പുറത്തിറക്കി.

നഷ്ടപരിഹാര പരാതികൾ പരിഹരിക്കാൻ എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ കമ്മിറ്റികളും രൂപീകരിച്ചു. ഇടുക്കിയിൽ എം.എം.മണി, എറണാകുളത്ത് സി. രവീന്ദ്രനാഥ്, തശൂരിൽ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, മലപ്പുറത്ത് കെ.ടി.ജലീൽ, ആലപ്പുഴയിൽ തോമസ് ഐസക്, ജി.സുധാകരൻ, കോട്ടയത്ത് പി. തിലോത്തമൻ, കോഴിക്കോട് ടി.പി. രാമകൃഷ്ണൻ, പാലക്കാട് എ.കെ. ബാലൻ, കെ.കൃഷ്ണൻകുട്ടി, വയനാട് രാമചന്ദ്രൻ കടന്നപ്പള്ളി, കാസർകോട് ഇ.ചന്ദ്രശേഖരൻ, കണ്ണൂരിൽ ഇ.പി. ജയരാജൻ, കെ. കെ. ശൈലജ, പത്തനംതിട്ടയിൽ കെ. രാജു, കൊല്ലത്ത് ജെ.മേഴ്സിക്കുട്ടിയമ്മ, തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കാണ് ചുമതല. ഓരോ ജില്ലയിലും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും കളക്ടറും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. ഇവർ തയ്യാറാക്കുന്ന പട്ടിക പ്രസിദ്ധപ്പെടുത്താനും സെപ്തംബർ 7ന് മുമ്പ് സഹായധനം വിതരണം ചെയ്യാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.