കുട്ടനാട്ടിലെ കുമരങ്കരിയിൽ നിന്ന് കുറച്ചു കുട്ടികൾ വന്നു. എന്നോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ വന്നതാണ്. അവരുമായുള്ള സംഭാഷണം കഴിഞ്ഞു. അപ്പോൾ കുട്ടികളെ കൊണ്ടുവന്ന മുതിർന്നയാൾ ഒരു വലിയ കുട്ടിയുമായി എന്റെയടുക്കൽ വന്നിട്ട് പറയുന്നു,
''ഇവൾക്കു വലിയ ടെൻഷനാണ്. പ്ളസ് ടുവിൽ പഠിക്കുന്നു. എൻട്രൻസ് എഴുതണം. അതിന്റെ ടെൻഷനാണ്."
ഞാൻ കുട്ടിയെ വിളിച്ചു ചോദിച്ചു. കുട്ടി പറയുന്നു,
''എനിക്ക് എൻട്രൻസ് ടെൻഷനാണ്."
''അതിനെന്തിനാ ഈ ടെൻഷൻ? മറ്റെല്ലാ പരീക്ഷയെയും പോലെയുള്ള ഒരു പരീക്ഷയല്ലേ അതും?"
''അതു ശരിയാണ്. പഠിക്കുമ്പോഴെല്ലാം അച്ഛനമ്മമാരുടെ സമ്മർദ്ദമാണ്. അപ്പോൾ എനിക്കു പഠിക്കാനുള്ള മനഃശക്തി ഇല്ലാതാവും. ഏകാഗ്രത കിട്ടാതാവും. അതിനനുസരിച്ച് അച്ഛനമ്മമാരുടെ സമ്മർദ്ദം കൂടും. ഞാനാകെ വലഞ്ഞു."
''കുട്ടീ, നീ നിന്റെ കഴിവിനൊത്തു പഠിച്ചാൽ മതി. അച്ഛനമ്മമാരുടെ സമ്മർദ്ദം വകവയ്ക്കേണ്ട."
''അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനൊക്കാതെ പോകുമല്ലോ എന്ന വിചാരം എന്നെ വിഷമിപ്പിക്കുന്നു. പത്താം ക്ളാസ് ജയിക്കുന്നതുവരെ ഇങ്ങനെയൊരു സമ്മർദ്ദവും ഇല്ലായിരുന്നു. എസ്.എസ്.എൽ.സിക്ക് എനിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കിട്ടി. അന്നു മുതൽ തുടങ്ങിയതാണ് ഈ സമ്മർദ്ദം. എന്നെ അവർക്കു ഡോക്ടറാക്കണം. അല്ലെങ്കിൽ ജീവിതം പോയി എന്ന തോന്നലാണവർക്ക്."
''കുട്ടീ, ഓരോരുത്തർക്കുമുണ്ട് അവരവരുടേതായ കഴിവ്. മക്കളുടെ അത്തരം കഴിവ് കണ്ടെത്താനുള്ള കണ്ണ് അച്ഛനമ്മമാർക്കു പോലുമില്ല. അതു കണ്ടെത്താൻ അവരവർക്കേ കഴിയൂ. പലപ്പോഴും, നിങ്ങളുടെയൊക്കെ പ്രായത്തിൽ, അവരവർ പോലും അതു കണ്ടെത്താറില്ല. വളർന്നു വലുതാകുമ്പോൾ പ്രകൃതി അതു വെളിപ്പെടുത്തിത്തരും. അച്ഛനമ്മമാർ കാണുന്ന സ്വപ്നത്തിനപ്പുറം വളരാനുള്ള കഴിവ് നിന്നിൽ ഉണ്ടെന്നു വരും."
''തത്ക്കാലം നീ ചെയ്യേണ്ടത്, അപ്പോഴപ്പോൾ മനസിന് സ്വാഭാവികമായി സന്തോഷം തരുന്ന തരത്തിൽ പഠിക്കുക, അതുപോലെതന്നെ മറ്റു കാര്യങ്ങളും ചെയ്യുക. കൃത്രിമമായ സമ്മർദ്ദം ഒരു കാര്യത്തിലും സ്വയം ചെലുത്താതിരിക്കുക. മറ്റുള്ളവരുടെ, അച്ഛനമ്മമാരുടെ പോലും, സമ്മർദ്ദത്തെ വകവയ്ക്കാതിരിക്കുക. അവർ അതിനോട് പ്രതികൂലമായി പ്രതികരിക്കുന്നുവെങ്കിൽ നേരിട്ടു പറയുക, ''എന്റെ കഴിവിനൊത്തു ഞാൻ പഠിക്കുന്നു. എൻട്രൻസിൽ ഏതു റാങ്കു കിട്ടിയാലും ഞാൻ അതുകൊണ്ട് തൃപ്തിപ്പെട്ടുകൊള്ളും."
''പരീക്ഷയിലെ റാങ്കിനെക്കാൾ വലുതല്ലേ ജീവിതത്തിലെ റാങ്ക്? നിനക്കറിയില്ലല്ലോ ജീവിതത്തിൽ നീ ആരാകുമെന്ന്."