ഈജിപ്‌തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയെ പറ്റി കേൾക്കാത്തവർ ഉണ്ടാകില്ല. ഈജിപ്‌ത് ഭരിച്ചിരുന്ന ടോളമി രാജവംശത്തിലെ അവസാന കണ്ണിയായിരുന്നു ക്ലിയോപാട്ര. ക്ലിയോപാട്രയുടെ ജീവിതം പല തവണ സിനിമയായിട്ടുണ്ട്. ഇതിൽ ഹോളിവുഡ് നടി എലിസബത്ത് ടെയ്ലറുടെ ക്ലിയോപാട്ര കഥാപാത്രം ഏറെ പ്രസിദ്ധമാണ്. ക്ലിയോപാട്രയുടെ ബുദ്ധിയെയും സൗന്ദര്യത്തെയുമൊക്കെ പറ്റിയുള്ള വിവരങ്ങൾ ഏറെയുണ്ടെങ്കിലും അവരുടെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത് എവിടെയാണെന്ന് ഇന്നും അജ്ഞാതമാണ്.
ബി.സി 31ൽ, യുദ്ധത്തിൽ ശത്രുവായ ഒക്ടേവിയന് മുന്നിൽ പരാജയപ്പെട്ടതോടെ ക്ലിയോപാട്രയും ജീവിതപങ്കാളിയായിരുന്ന മാർക്ക് ആന്റണിയും ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ, ഇരുവരും എങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമല്ല. ആന്റണി വയറ്റിൽ കത്തി കുത്തിയിറക്കുയായിരുന്നുവെന്ന് വാദമുണ്ട്. ക്ലിയോപാട്ര വിഷം കഴിച്ചാണെന്നും പാമ്പിനെ കൊണ്ട് കൊത്തിച്ചാണ് ആത്മഹത്യ ചെയ്തതെന്നും പറയുന്നു.
റോമൻ ഭരണാധികാരി ജൂലിയസ് സീസറുടെ സൈന്യാധിപനും സുഹൃത്തുമായിരുന്നു ആന്റണി. സീസർ കൊല്ലപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ദത്തുപുത്രനായ ഒക്ടേവിയനും ആന്റണിയുമായി ശത്രുതയിലായത്.
ക്ലിയോപാട്രയുടെയും ആന്റണിയുടെയും മൃതദേഹങ്ങൾ ഒരുമിച്ചാണ് അടക്കം ചെയ്തതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. ഈജിപ്ഷ്യൻ ദേവതയായ ഐസിസിന്റെ ഒരു ക്ഷേത്രത്തിന് സമീപമാണ് പ്രൗഢഗംഭീരമായ ഇവരുടെ കല്ലറ സ്ഥിതി ചെയ്തിരുന്നത് എന്ന് എ.ഡി 45നും 120 നും ഇടയിൽ ജീവിച്ചിരുന്ന ഗ്രീക്ക് എഴുത്തുകാരനായിരുന്ന പ്ലൂട്ടാർക്കിന്റെ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ, ഇതെവിടെയാണെന്ന് ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്ലിയോപാട്രയുടെ കല്ലറ ഇനി കണ്ടെത്തിയാലും അത് ശൂന്യമായിരിക്കാനാണ് സാദ്ധ്യത എന്ന് ആർക്കിയോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. കാരണം പുരാതനകാലത്ത് കല്ലറകളിലെ മോഷണം പതിവായിരുന്നു. അലക്‌സാണ്ട്രിയയ്‌ക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പ്രാചീന നഗരമായ തപോസിരിസ് മാഗ്നയിലാണ് ക്ലിയോപാട്രയുടെയും ആന്റണിയുടെയും കല്ലറ എന്ന് കരുതുന്നു.