ജനകീയ ജനാധിപത്യ വിപ്ലവം പിന്നിട്ടുകഴിഞ്ഞാൽ ഈ രാജ്യത്ത് എന്തൊക്കെ അത്യാഹിതങ്ങളാണ് സംഭവിച്ചു കൂടാത്തത്! കാക്ക ചിലപ്പോൾ മലർന്നു പറക്കില്ലായിരിക്കാം. പക്ഷേ, കോടിയേരി സഖാവ് ചിലപ്പോൾ കഴുത്തിലൊരു രുദ്രാക്ഷമാലയുമിട്ട്, തോളത്തൊരു തോർത്തുമിട്ട്, ഭസ്‌മക്കുറി വാരിപ്പൂശി, മേമുണ്ട ലോകനാർക്കാവ് അമ്പലത്തിലോ തലശേരി ജഗന്നാഥസ്വാമി അമ്പലത്തിലോ ഉത്സവക്കമ്മിറ്റിക്കുള്ള രശീത്കുറ്റിയും കക്ഷത്ത് ഇറുക്കിവച്ച് ഓടി നടക്കുകയായിരിക്കും. കോടിയേരിയിൽ തന്നെയുള്ള നമ്മുടെ ഷംസീർ സഖാവ് സാന്ത്വന പരിചരണത്തിന്റെ ഭാഗമായി സി.ഒ.ടി. നസീറിന്റെ കാലും തിരുമ്മിക്കൊടുത്ത് ഇരിക്കുകയായിരിക്കും. ഉറക്കം വരുമ്പോൾ കോട്ടുവായിട്ടും മുണ്ടിന്റെ കോന്തല ചുരുട്ടി മൂക്കിലോട്ട് കയറ്റിയൊന്ന് തുമ്മിയും, നസീറിന് സ്നേഹബുദ്ധ്യാ ബുദ്ധന്റെ കഥ പറഞ്ഞ് കൊടുത്ത് ഉപദേശിയായിരിക്കാനും ഷംസീർ സഖാവ് മടിച്ചേക്കില്ല.
ഏറ്റവും മാരകമായ സീനെന്ന് പറയുന്നത്, നമ്മുടെ മണിയാശാനോ മറ്റോ കറുപ്പുമുടുത്ത് ഇരുമുടിക്കെട്ടും ചുമന്ന് എരുമേലിയിൽ നിന്ന് പേട്ടതുള്ളലിന് പോകുന്നതായിരിക്കും. അവിടെ ചിലപ്പോൾ പി.സി. ജോർജ് കുംഭകുലുക്കി, ശരണമയ്യപ്പാ വിളിച്ചു കൊടുക്കാനുണ്ടായേക്കാം. വിജയരാഘവൻസഖാവ് കർക്കടകമാസത്തിൽ രാവിലെ കുളിച്ച് കുറിയും തൊട്ട്
രാമായണ പാരായണത്തിനിരിക്കുന്നത് കണ്ടേക്കാം. രാമായണമില്ലെങ്കിലും സഖാവിന്റെ പാരായണം പ്രസിദ്ധമാണല്ലോ.
ജനകീയജനാധിപത്യ വിപ്ലവം സംഭവിച്ചുകഴിഞ്ഞാൽ ഇങ്ങനെയെല്ലാമുള്ള ഏടാകൂടങ്ങൾ കാണുകയും കേൾക്കുകയും ചെയ്യാനിടയുണ്ടെന്ന ഉത്തമബോദ്ധ്യമുള്ളത് കൊണ്ട് മാത്രമാണ്, വിപ്ലവം ദാ വിരിഞ്ഞൂ, വിരിഞ്ഞില്ലാ എന്ന് തോന്നിപ്പിക്കുമാറ്, പിണറായി സഖാവ് അതിനെയിങ്ങനെ പിടിച്ചു നിറുത്തിയിരിക്കുന്നത്! വിപ്ലവം വിരിയാൻ പോകുന്നുവെന്ന് തോന്നിപ്പിച്ച് തന്നെ അത് വിരിയാതെ കാക്കാനുള്ള പണിയൊക്കെ സഖാവിനറിയാം. വിപ്ലവത്തിന്റെ വരും വരായ്‌കകളെപ്പറ്റിയെല്ലാം ഉത്തമബോദ്ധ്യമുള്ള മാതൃകാസഖാവാണ് പിണറായി സഖാവ്.
വിപ്ലവം വിരിഞ്ഞു കഴിഞ്ഞാൽ കോടിയേരിയിലെ ബിനോയിക്കുട്ടൻ ശബരിമലയിൽ പോയത് പോലെ, നാളെ ചിലപ്പോൾ പിണറായി സഖാവിന് തന്നെ പോകേണ്ടി വന്നേക്കാമെന്ന ശങ്കകളാവാം സഖാവിനെ നയിക്കുന്നുണ്ടാവുക.
വിപ്ലവം വിരിഞ്ഞുകഴിഞ്ഞാൽ പിണറായി സഖാവിനോ, കോടിയേരി സഖാവിനോ ജോലിഭാരമുണ്ടാകാൻ പോകുന്നില്ല എന്നതൊരു വസ്‌തുതയാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയെ നോക്കിനടത്തേണ്ട സെക്രട്ടറിപ്പണി കോടിയേരിസഖാവിന് ഇല്ല. നവകേരളം കെട്ടിപ്പടുക്കേണ്ട ഭാരിച്ച മുഖ്യമന്ത്രിപ്പണി പിണറായി സഖാവിനുമില്ല. (വേലയും കൂലിയുമില്ലാതെ അമ്പലത്തിൽ പോയി നിൽക്കുന്നത് പോലൊരു ക്രൂരത വേറെയുണ്ടാവില്ല.)
വിപ്ലവം വിരിയുന്നത് വരെ അതല്ല കഥ. അതുവരെ ഭാരിച്ച ജോലിയാണ്. ഞാൻ അമ്പലത്തിൽ പോയി കമ്മിറ്റിക്കാരനായി നിന്നാൽ പാർട്ടിക്കാര്യം ആര് നോക്കിനടത്തുമെന്ന് കോടിയേരി സഖാവ് ചോദിച്ചതും അതുകൊണ്ടാണ്. സഖാവിന് പാർട്ടിപ്പണിയാണ് പഥ്യം.
വിപ്ലവം വിരിയിക്കുകയെന്നതും ഒരു സങ്കീർണമായ പ്രക്രിയയാണ്. ലോക്കൽകമ്മിറ്റി സെക്രട്ടറി പോയി കാവടിയെടുത്ത് കവിളത്ത് ശൂലം കുത്തിയിറക്കി നടന്നാൽ, വിപ്ലവത്തിന് പിന്നെ ആര് കാവലിരിക്കും? അതുകൊണ്ട് കോടിയേരി സഖാവിന്റെ ചോദ്യം ന്യായമാണ്. കിണറുവെള്ളത്തിൽ കല്ലിടുമ്പോഴത്തെ പ്ലം ശബ്ദമല്ല വിപ്ലവം. പ്രത്യേകിച്ച് ജനകീയ ജനാധിപത്യ വിപ്ലവം. വലതന്മാർ ദേശീയ ജനാധിപത്യവിപ്ലവം വിരിയിക്കുമ്പോലെയുമല്ല സംഗതി. അതുകൊണ്ടാണ് കോടിയേരി സഖാവ് പറഞ്ഞത് പാർട്ടി മേമ്പ്രമാർ അമ്പലത്തിൽ പോയി പേട്ട തുള്ളാനോ, കാവടിയെടുക്കാനോ നിൽക്കേണ്ട എന്ന്. പാർട്ടിയിൽ തന്നെ വേണ്ടത്ര പേട്ട തുള്ളാനുള്ളതാണ്. അമ്പലത്തിലെ പണിക്ക് അനുഭാവികൾ പോവട്ടെ. മേമ്പ്രമാർക്ക് ചില പെരുമാറ്റച്ചട്ടങ്ങളൊക്കെ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സഖാവ് പറയുന്നത്. എന്നുവച്ച് വിശ്വാസികൾ പാർട്ടി അംഗങ്ങളാവരുത് എന്ന് പാർട്ടി ഭരണഘടനയിലെവിടെയും പറഞ്ഞിട്ടുമില്ല. അത് ഭരണഘടന കമ്പോട് കമ്പ് വായിച്ച് ഹൃദിസ്ഥമാക്കിയ ശേഷം കോടിയേരിസഖാവിന് ഉറപ്പുള്ളതാണ്. അമ്പലത്തിലും പള്ളിയിലുമൊക്കെ പോയി വായ് നോക്കി നിൽക്കുന്നതിന് തടസമില്ല.
വിശ്വാസത്തിനും ചില അതിരൊക്കെയുണ്ട്. അത് വിട്ടുള്ള കളി വേണ്ട. പക്ഷേ, വിശ്വാസം ഒരു പ്രശ്നമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദത്തെ അലട്ടുന്ന കൊടിയ സമസ്യ! വിശ്വാസം, അതല്ലേ എല്ലാം...
പാർട്ടി സഖാക്കൾ വിനയാന്വിതരാവണമെന്നും സദാ പുഞ്ചിരിച്ച് നടക്കണമെന്നുമെല്ലാമാണ് സംസ്ഥാനകമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനകമ്മിറ്റിയുടേത് വല്ലാത്തൊരു പണിയായിപ്പോയെന്നാണ് ദ്രോണർക്ക് തോന്നുന്നത്.
തിരോന്തോരത്തെ ശിവൻകുട്ടി സഖാവിനെ തന്നെ നോക്കൂ. അല്ലെങ്കിൽ കോടിയേരിക്കാരൻ ഷംസീർ സഖാവിനെ നോക്കൂ. അതുമല്ലെങ്കിൽ ഇരുകക്ഷത്തുമായി ഓരോ തേങ്ങയും പേറി നടക്കുന്ന നമ്മുടെ സ്വരാജ് സഖാവിനെ നോക്കൂ. ഇവരുടെയൊക്കെ മുഖമൊന്ന് ഓർത്തിരുന്നെങ്കിൽ സംസ്ഥാനകമ്മിറ്റി ഇങ്ങനെയൊരു കടുത്ത തീരുമാനം കൈക്കൊള്ളുമായിരുന്നോ? ഇല്ലേയില്ല.
വിപ്ലവം വിരിയിക്കാൻ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിക്കാനും കോടിയേരി സഖാവ് മടി കാട്ടില്ല എന്ന് പറയുന്നത് വെറുതെയല്ല. കുറഞ്ഞപക്ഷം മേല്പറഞ്ഞ മൂന്ന് സഖാക്കളെയെങ്കിലും ഓർത്താൽ കോടിയേരി സഖാവിന്റേത് കഠിനമേറിയ ദൗത്യം തന്നെയാണെന്ന് പറയാതിരിക്കാൻ വയ്യ. ബേബി സഖാവിനെയോ നമ്മുടെ വിജയകുമാർ സഖാവിനെയോ ഒക്കെ കാണുമ്പോഴാണ് അല്‌പമെങ്കിലുമൊരു ആശ്വാസം കിട്ടുക!
ഇ-മെയിൽ: dronar.keralakaumudi@gmail.com