kerala

തിരുവനന്തപുരം: കേരളം കൊലപാതകത്തിന്റെ 'തലസ്ഥാന'മായി മാറുകയാണോ? നാടിനെ നടുക്കുന്ന കൊലപാതകങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അതിൽ മിക്കതിന്റെയും പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും കൊലപാതക 'പരമ്പരയ്ക്ക്' അറുതിയില്ല. കൊലപാതകത്തിന്റെ ഈ കണക്ക് കേട്ടാൽ ആരുമൊന്ന് ഞെട്ടിപ്പോകും. 2019 പിറന്ന് എട്ടുമാസമാകുമ്പോഴേക്കും സംസ്ഥാനത്ത് അരങ്ങേറിയത് 169 കൊലപാതകങ്ങൾ! കേരളത്തിലെ പത്തൊൻപത് പൊലീസ് ജില്ലകളിലെ ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോകളിൽ നിന്ന് ജനുവരി മുതൽ ആഗസ്റ്റ് വരെ ലഭ്യമായ കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരം. പൊലീസിന്റെ ഉരുട്ടിക്കൊല മുതൽ ആസൂത്രിത കൊലവരെ കൂട്ടത്തിലുണ്ട്. പ്രണയ നൈരാശ്യവും കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടും നടത്തിയ കൊലപാതകങ്ങൾ വേറെ. ലവലേശം മന:സാക്ഷിക്കുത്തില്ലാതെ കൊന്നുതള്ളി കുഴിച്ചുമൂടിയ കൊലപാതകങ്ങളും ഇതിനിടെ കേരളം കണ്ടു. ബാറിലുണ്ടായ തർക്കത്തെ തുടർന്ന് പറവൂരിൽ യുവാവിനെ കൊന്ന് കടൽതീരത്ത് കുഴിച്ചിട്ട സംഭവമാണ് അതിക്രൂര കൊലപാതകങ്ങളിൽ ഏറ്റവും ഒടുവിലത്തേത്.

ഈ കാലയളവിൽ ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നത് തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിലാണ്- 21 എണ്ണം. രണ്ടാംസ്ഥാനത്ത് ആലപ്പുഴ. 16 കൊലപാതകങ്ങളാണ് ജനുവരി മുതൽ ആഗസ്റ്റ് വരെ അവിടെ നടന്നത്. തൃശൂ‌ർ- കൊല്ലം സിറ്റികളിലായി നടന്നത് പതിനൊന്ന് വീതം കൊലകൾ. മുമ്പ് ഗുണ്ടാകുടിപ്പകയുംമറ്രും പതിവായിരുന്ന തിരുവനന്തപുരം നഗരത്തിലാണ് കൊലപാതകങ്ങൾ ഏറ്റവും കുറവ്. നാലെണ്ണം.

നെടുങ്കണ്ടത്ത് കസ്റ്റഡിയിലായ യുവാവിനെയും ആലപ്പുഴയിൽ വിവാഹ അഭ്യർത്ഥന നിരസിച്ചതിന് സഹപ്രവർത്തകയേയും ക്രൂരമായി കൊലപ്പെടുത്തി കാക്കിയിട്ടവരും കുറ്റവാളികളുടെ പട്ടികയിൽപെട്ടു. മയക്കുമരുന്ന് സ്വാധീനം പലപ്പോഴും ക്രൂരമായ കൊലപാതകങ്ങളിലേക്ക് നയിക്കുമെന്നതിന് ഉദാഹരണമാണ് ഇതിൽ പല കൊലപാതങ്ങളും. ഒരു മടിയുമില്ലാതെ തല്ലിയും വെട്ടിയുമൊക്കെ കൊല്ലുന്നത് മാത്രമല്ല, അത് ആസൂത്രിതമായി ഒളിപ്പിക്കാനുള്ള ശ്രമങ്ങളും അടുത്തകാലത്ത് ഏറിവരുന്നുണ്ട്. തിരുവനന്തപുരം അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിയെടുത്ത് മൂടിയതുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

ഇക്കൊല്ലം നാട് നടുങ്ങിയ ചില കൊലകൾ

തൊടുപുഴയിൽ അമ്മയും കാമുകനും ചേ‌ർന്ന് അഞ്ചുവയസുകാരനെ മർദ്ദിച്ച് കൊന്നത്.

 കൊല്ലം ജില്ലയിലെ പാവുമ്പയിലെ ആൾക്കൂട്ടകൊലപാതകം.

 തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്.

 മുണ്ടക്കയത്ത് അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവം.

 കരമനയിൽ ലഹരി സംഘം അനന്തു എന്ന യുവാവിനെ അതി ക്രൂരമായി മർദ്ദിച്ചുകൊന്നത്.

 എഴുകോണിൽ സ്മിതയെന്ന യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിന് മുന്നിൽ ചാടി മരിച്ച സംഭവം.

 പാറശാല ആറയൂരിൽ ബിനുവെന്ന യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം.

 ആലപ്പുഴ വള്ളികുന്നത്ത് പൊലീസുകാരൻ സഹപ്രവർത്തകയെ കാറിടിച്ച് വീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്.

 വെള്ളറട അമ്പൂരിയിൽ യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയത്.

 നെടുമങ്ങാട്ട് പത്താംക്ളാസ് വിദ്യാർത്ഥിനി മീരയെ അമ്മയും കാമുകനും ചേർന്ന് കൊന്ന് കിണറ്റിൽ തള്ളിയ കേസ്.

 ഓച്ചിറ ക്ളാപ്പനയിലെ വാടക വീട്ടിൽ തമിഴ് യുവാവിനെ സഹോദരിയും ഭർത്താവും കൊലപ്പെടുത്തി ചെങ്ങന്നൂരിൽ ഉപേക്ഷിക്കാൻ ശ്രമിച്ച സംഭവം.

 കൊല്ലത്ത് ബാറിന് മുന്നിൽ മദ്ധ്യവയസ്കനെ അടിച്ചുകൊന്നത്.

 കഴിഞ്ഞ ദിവസം കായംകുളത്ത് ബാറിന് മുന്നിൽ യുവാവിനെ കാർ കയറ്റി കൊന്ന സംഭവം.

കൊലപാതകങ്ങൾ (പൊലീസ് ജില്ല തിരിച്ച്)

തിരു.സിറ്റി- 4

തിരു. റൂറൽ- 21

കൊല്ലം സിറ്റി- 11

കൊല്ലം റൂറൽ- 10

പത്തനംതിട്ട- 10

ആലപ്പുഴ- 16

കോട്ടയം- 12

ഇടുക്കി- 7

എറണാകുളം സിറ്റി- 4

എറണാകുളം റൂറൽ- 7

തൃശൂർ സിറ്റി- 11

തൂശൂർ റൂറൽ- 10

പാലക്കാട്- 9

മലപ്പുറം- 7

കോഴിക്കോട്- 8

കോഴിക്കോട് റൂറൽ- 6

വയനാട് - 7

കണ്ണൂർ- 4

കാസർകോട്- 5

''കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും മറ്റും നിരന്തരം വരുന്ന വാർത്തകളും കൊലപാതങ്ങൾ പോലുള്ള സംഭവങ്ങൾ സിനിമകളിൽ അമിത പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നതും കുറ്റവാളികളെ നന്നായി സ്വാധീനിക്കാറുണ്ട്. കുറ്റവാസനയുള്ളവരുടെ മനസിൽ ഇത്തരം കൃത്യങ്ങളിലേർപ്പെടാൻ ഇത് പ്രചോദനം സൃഷ്ടിക്കും. കൂടാതെ മദ്യത്തിന്റെയും കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെയും ഉപയോഗം എന്ത് ക്രൂര കൃത്യങ്ങൾക്കും ആളുകളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. പൊലീസിന്റെ അന്വേഷണ മികവാണ് വെള്ളറട അമ്പൂരി കൊലപാതകം പോലെ തേഞ്ഞുമാഞ്ഞുപോകാനിടയുള്ള കേസുകളിൽ പോലും തുമ്പുണ്ടാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനും കഴിഞ്ഞത്. ലഹരിയുൾപ്പെടെയുള്ള തിന്മകൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുന്നതിനും ശക്തമായ നിയമ നടപടികൾക്കും പുറമേ റിമാൻഡ് കാലത്തും മറ്റും കുറ്റവാളികളെ നേർവഴിക്ക് നയിക്കാനാവശ്യമായ കൗൺസിലിംഗുൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടി സജ്ജമാക്കിയാൽ കുറ്രകൃത്യങ്ങൾ കുറയ്ക്കാൻ കഴിയും''.

എസ്.പി,​ സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോ