ലാൽ ജോസ് സംവിധാനം ചെയ്ത നീനയിലൂടെ പതിവ് നായികാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ താരമാണ് ദീപ്തി സതി. നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയിൽ ചുവടുവയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി ദീപ്തി വീണ്ടുമെത്തുന്നത്.
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിയുടെ ഭാര്യാവേഷമാണ് ദീപ്തിക്ക്. നീനയ്ക്ക് ശേഷം മലയാളത്തിൽ നിന്നും മികച്ച അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് താരം ഒരു ഇംഗ്ളീഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. മറ്റു ഭാഷകളിൽ നിന്നും മികച്ച കഥാപാത്രങ്ങൾ തേടിയെത്തിയപ്പോൾ അങ്ങോട്ടു പോയി. മലയാളത്തോട് പ്രിയമേറെയാണെങ്കിലും ഭാഷയുടെ പേരിൽ ഒതുങ്ങുന്നതിനോട് താത്പര്യമില്ല. കുട്ടിക്കാലം മുതൽ നൃത്തം പഠിച്ചിട്ടുണ്ട്. പക്ഷേ, സിനിമയിൽ ഇതുവരെ അത്തരം കഥാപാത്രങ്ങൾ തേടിയെത്തിയിട്ടില്ല. പറ്റ വെട്ടിയ മുടിയുമായാണ് മലയാള സിനിമയിൽ ചുവടുവച്ചതെങ്കിലും പുതിയ ചിത്രത്തിൽ നല്ല നീണ്ട മുടിയാണ് തനിക്കുള്ളതെന്നും ദീപ്തി സതി പറയുന്നു. രാം നാരായൺ ഒരുക്കുന്ന രാജ് മാർത്താണ്ഡം എന്ന കന്നഡ ചിത്രത്തിലും അഭിനയിക്കുകയാണ് ദീപ്തി. പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ എന്നിവയാണ് ദീപ്തിയുടെ മറ്റ് മലയാള ചിത്രങ്ങൾ.