കിളിമാനൂർ: റോഡിന്റെ ദുർസ്ഥിതി കാരണം സർവിസ് ബസുകൾ ഒന്നൊന്നായി സർവീസുകൾ നിറുത്തി തുടങ്ങിയതോടെ ഉൾനാടൻ ഗ്രാമത്തിൽ ഉള്ളവർക്ക് പുറം ലോകത്ത് എത്താൻ വഴി അടയുന്നു. പുളിമാത്ത് പഞ്ചായത്തിലെ വലിയ വിളമുക്ക് - പുല്ലയിൽ മുക്ക് - പേഴുവിള, ആൽത്തറമൂട് - മൊട്ടലുവിള റോഡാണ് ടാറിളകി കുണ്ടും കുഴിയും വീണ് കാൽ നടയാത്രക്ക് പോലും കഴിയാത്ത അവസ്ഥയിലേക്ക് മാറിയത്. നൂറു കണക്കിന് കുടുംബങ്ങളാണ് റോഡിന്റെ ഇരുവശത്തുമായി താമസിച്ച് വരുന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ അഞ്ച് ബസുകളാണ് ഇതുവഴി സർവിസ് നടത്തിയിരുന്നത്. റോഡിന്റെ ശോചനീയവസ്ഥ കാരണം ഒരു കെ.എസ്.ആർ.ടി.സി. സർവീസും, രണ്ട് പ്രൈവറ്റ് ബസ് സർവീസും നിറുത്തിയിരിക്കുകയാണ്.
ശേഷിക്കുന്ന രണ്ട് സർവിസുകൾ എത് നിമിഷവും നിറുത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മൂന്നര കിലോമീറ്റർ നീളമാണ് റോഡിനുള്ളത്. തോപ്പുമുക്ക് - പുല്ലയിൽ - കൊടുവഴന്നൂർ ഭാഗത്തുള്ളവർക്ക് ആറ്റിങ്ങൽ ഭാഗത്തേക്ക് അടുത്തിടെ ഉദ്ഘാടനം ചെയ്ത അയിലം പാലം വഴി എളുപ്പത്തിൽ എത്താൻ ആകുമായിരുന്നു ചെറു കുഴി മുതൽ വലിയ വിള ജംഗ്ഷൻ വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗമാണ് ഏറ്റവും കൂടുതൽ തകർന്നിട്ടുള്ളത്.പുല്ലയിൽ ഗവ: എൽ.പി.എസ്, എസ്.കെ.വി.യു.പി.എസ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളും റോഡ് തകർന്നതിനെ തുടർന്ന് യാത്രാക്ലേശം അനുഭവിക്കുകയാണ്. അത്യാവശ്യ ഘട്ടത്തിൽ പോലും ടാക്സി, ഓട്ടോ മുതലായവ ഇത് വഴി യാത്ര പോകാൻ വിസമ്മതിക്കുന്നു. ചെറുകിട തടങ്ങൾ പോലും ലക്ഷങ്ങൾ മുടക്കി ടാർ ചെയ്യാൻ മത്സരിക്കുമ്പോൾ പ്രധാനപ്പെട്ട ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണത്രേ.