fever

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിതരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 18,21,287പേർക്ക്‌ പകർച്ചപനി സ്ഥിരീകരിച്ചു. 36പേർ മരിച്ചു. ഇക്കാലയളവിൽ ഡെങ്കിപ്പനി ബാധിച്ച 2181പേരിൽ 10പേർ മരിച്ചു. എച്ച് ‌വൺ എൻ വൺ ബാധിച്ച 828 പേരിൽ 42 പേർ മരിച്ചു. 26പേർക്ക് ചിക്കുൻഗുനിയ സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ചവരെയുള്ള കണക്കാണിത്.

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പനിപെരുകുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് പകർച്ചപ്പനിക്ക് പ്രധാനകാരണം. പനിബാധിതർ കൃത്യമായി വിശ്രമിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തി ആളുകളുമായി ഇടപഴകുന്നതാണ് രോഗികളുടെ എണ്ണം പെരുകാൻ പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രളയത്തിനുപിന്നാലെ എലിപ്പനി ബാധിക്കുന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. 554 പേർക്കാണ് ഈ വർഷം എലിപ്പനി സ്ഥിരീകരിച്ചത്. 24 പേർ മരിച്ചു. കഴിഞ്ഞവർഷം മഹാപ്രളയത്തിന് പിന്നാലെ 2079പേർക്ക് എലിപ്പനി ബാധിക്കുകയും 99പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇക്കുറി എലിപ്പനി പ്രതിരോധമരുന്നുകൾ പ്രളയബാധിതമേഖലളിൽ ഉൾപ്പെടെ ഇതിനോടകം വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. എലിപ്പനി മരണസംഖ്യ കുറയ്ക്കുകയാണ്

ആരോഗ്യവകുപ്പിന്റെ പ്രധാന ലക്ഷ്യം. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോഴും പനി നിയന്ത്രണവിധേയമാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

എച്ച് വൺ എൻ വൺ വെല്ലുവിളി

വൈറസ് പനിയായ എച്ച് വൺ എൻ വൺ നിയന്ത്രിക്കുന്നത് കനത്ത വെല്ലുവിളിയാണ്. മുമ്പ് മഴക്കാലത്ത് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ വർഷം മുഴുവനും പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ്. സാധാരണയായി ഉണ്ടാകുന്ന ജലദോഷങ്ങളിൽ 18 മുതൽ 35 ശതമാനം വരെ എച്ച് വൺ എൻ വൺ ലക്ഷണങ്ങളോടു കൂടിതയതാണെന്നും ആദ്യഘട്ടത്തിൽ ഡോക്ടറെ സമീപിച്ച് നിർദ്ദേശങ്ങൾ പാലിച്ചാൽ പനി പൂർണമായും കുറയ്ക്കാൻ സാധിക്കുമെന്നും എച്ച് വൺ എൻ വൺ നോഡൽ ഓഫീസർ ഡോ.അമർ ഫെറ്റിൽ പറഞ്ഞു.

പനിബാധിച്ചവർ

2018- 29,35,627 -മരണം- 63

2017-34,17,968- മരണം- 76

2016- 26,41,311- മരണം- 18

'പനിബാധിച്ച കുട്ടികളെ സ്കൂളിൽ വിടുരുത്. പനിബാധിതർ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി ഇടപെടാതെ പൂർണമായി വിശ്രമിക്കാനും ശ്രദ്ധിക്കണം. എലിപ്പനിക്കെതിരെ കർശന ജാഗ്രതയിലാണ്".

- ഡോ. സരിത.ആർ.എൽ,

ആരോഗ്യവകുപ്പ് ഡയറക്ടർ