പൊതുബഡ്ജറ്റ് അവതരിപ്പിച്ച് മൂന്നുമാസം തികയും മുമ്പേ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ മൂർത്തമായ നിർദ്ദേശങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമന് വരേണ്ടിവന്നത് സംഗതിയുടെ ഗുരുതരസ്വഭാവം വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക മേഖലയിലുടനീളം തളർച്ചയും മാന്ദ്യവും പ്രകടമായിട്ട് നാളേറെയായി. നിക്ഷേപങ്ങൾ കുറയാൻ തുടങ്ങിയതോടെ വ്യവസായ മേഖല ശ്വാസംമുട്ടുകയാണ്. വൻതോതിലുള്ള തൊഴിലില്ലായ്മയാണ് ഇതിന്റെ ഫലം. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്ന വാഹന വിപണിയിലും നിർമ്മാണ മേഖലയിലും അനുഭവപ്പെടുന്ന മാന്ദ്യം ഉത്കണ്ഠാജനകമാം വിധം വലുതാണ്.
രണ്ടു പതിറ്റാണ്ടിനിടെ വാഹനവിപണി ഇതുപോലൊരു തിരിച്ചടി നേരിട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. അതുപോലെതന്നെ നിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധിയും വിവരണാതീതമാണ്. ഇൗ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ നിർമ്മാണ മേഖലയിൽനിന്ന് ബാങ്കുകൾക്ക് ലഭിക്കാനുള്ള വായ്പ തിരിച്ചടവിൽ മൂന്നുലക്ഷം കോടി രൂപയെങ്കിലും കുടിശിക ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്. പതിനായിരക്കണക്കിന് പാർപ്പിടങ്ങൾ പ്രമുഖ നഗരങ്ങളിൽ വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടക്കുകയാണ്. വ്യവസായമേഖലയ്ക്കൊപ്പം വ്യക്തികളുടെ പക്കലും പണമില്ലാത്ത സ്ഥിതിയായതോടെ എവിടെയും മുരടിപ്പ് ദൃശ്യമാണ്.
ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ ഉത്തേജക പാക്കേജുമായി വെള്ളിയാഴ്ച മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വരുന്നതിനു മുമ്പുതന്നെ നീതി ആയോഗിന്റെ ഉപാദ്ധ്യക്ഷൻ രാജീവ് കുമാർ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കൃത്യമായി പറഞ്ഞുവച്ചിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം ഇത്തരമൊരു സ്ഥിതി നേരിടുന്നത് ഇതാദ്യമാണെന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ എല്ലാം ഉൾക്കൊള്ളുന്നുണ്ട്. സാമ്പത്തികരംഗത്ത് അസാധാരണമായ നടപടികൾ കൊണ്ടേ ഇൗ സ്ഥിതി മറികടക്കാനാകൂ എന്നു മനസിലാക്കിയാണ് ധനമന്ത്രി ഒട്ടും സമയം പാഴാക്കാതെ ഉത്തേജന പാക്കേജുമായി മുന്നോട്ടു വന്നത്.
വ്യവസായ മേഖലയെ അരിഷ്ടതകളിൽനിന്ന് കരകയറ്റാൻ അവയ്ക്ക് കുറഞ്ഞ പലിശയ്ക്ക് ആവശ്യംപോലെ പണം ലഭ്യമാക്കേണ്ടതുണ്ട്. വൻകിടക്കാർ മാത്രമല്ല ഇടത്തരം, ചെറുകിട മേഖലകളടക്കം എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആനുകൂല്യം നൽകേണ്ടതുണ്ട്. പൊതുമേഖലാ ബാങ്കുകൾക്ക് ബഡ്ജറ്റിൽ പ്രഖ്യാപിച്ച എഴുപതിനായിരം കോടി രൂപ ഉടൻ ലഭ്യമാക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. വായ്പ ആവശ്യമായ മേഖലകൾക്ക് ഇൗ തീരുമാനം ഗുണകരമാകും. അതുപോലെ എല്ലാത്തരം വായ്പാ പലിശകളും കുറയ്ക്കാനും നടപടിയുണ്ടാകും. നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ റിച്ച് നികുതി എടുത്തു കളയുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ കൊണ്ടുവന്ന ഇൗ പുതിയ നികുതി വിപരീതഫലമാണുണ്ടാക്കിയത്. നിക്ഷേപ വളർച്ചയ്ക്ക് പകരം ഉള്ള നിക്ഷേപങ്ങൾതന്നെ പിൻവലിച്ചുകൊണ്ടുപോകാൻ ഇത് ഇടയാക്കുകയും ചെയ്തു. പുതിയ വ്യവസായ സംരംഭകർക്കും ധനമന്ത്രി പുതിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തളർന്നു കിതച്ചു നിൽക്കുന്ന വാഹന വിപണിയെ കൈപിടിച്ചുയർത്താൻ സഹായകമാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ. വാഹന വായ്പാ നിരക്ക് കുറയ്ക്കുന്നതിനൊപ്പം രജിസ്ട്രേഷൻ നിയമ വ്യവസ്ഥകളിലും ഇളവുകൾ നൽകും. വർദ്ധിപ്പിച്ച രജിസ്ട്രേഷൻ ഫീസ് അടുത്ത ജൂണിന് ശേഷമേ പ്രാബല്യത്തിൽ വരികയുള്ളൂ. ഭാരത് 4 സ്റ്റേജ് വാഹനങ്ങൾ അടുത്ത മാർച്ച് വരെ വാങ്ങാൻ അനുവദിക്കും. അവ രജിസ്ട്രേഷൻ കാലാവധി തീരുംവരെ ഉപയോഗിക്കുകയും ചെയ്യാം. ഡീസൽ , പെട്രോൾ വാഹനങ്ങൾക്ക് നിയന്ത്രണം വരാൻ പോകുന്നതായ വാർത്തകൾ വാഹന നിർമ്മാണ വ്യവസായത്തിൽ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. പത്തുവർഷത്തിനകം രാജ്യത്ത് വൈദ്യുതി വാഹനങ്ങളാകും നിരത്തുകൾ ഭരിക്കുന്നതെന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ഇൗ മേഖലയെ അമ്പേ തളർത്തുകയുണ്ടായി. ലക്ഷക്കണക്കിന് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഇൗ തീരുമാനം ധൃതിപിടിച്ച് നടപ്പാക്കേണ്ടെന്ന ചിന്തയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ. മാത്രമല്ല ഒറ്റയടിക്ക് നടപ്പാക്കാനാവുന്ന പരിഷ്കാരവുമല്ല ഇതെന്ന് ഏത് പൊട്ടനും അറിയാം.
ഭവന നിർമ്മാണവായ്പ ഇപ്പോൾത്തന്നെ ഉദാരമാണെന്നതാണ് വസ്തുത. വാങ്ങാൻ ആവശ്യക്കാർ കുറവാണെന്നതാണ് പ്രധാന പ്രശ്നം. ഇവിടെയും പ്രശ്നം പണച്ചുരുക്കം തന്നെ. സാമ്പത്തിക രംഗത്തെ മുരടിപ്പ് ജനങ്ങളുടെ ക്രയശേഷിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ബാങ്ക് വായ്പ ഉദാരമാക്കിയാലും അത് പ്രയോജനപ്പെടുത്താൻ ആളുകൾ മുന്നോട്ടു വന്നില്ലെങ്കിൽ എന്തു ചെയ്യാനാണ്. മാത്രമല്ല ബാങ്കുകളുടെ നയസമീപനങ്ങളിലും ഇനിയും ഏറെ മാറ്റങ്ങൾ വരേണ്ടതുണ്ട്. സാധാരണക്കാർക്ക് വായ്പ ലഭ്യമാക്കുന്നതിൽ ഇപ്പോഴും ബാങ്കുകൾ സംശയാലുക്കളാണ്. നിർമ്മാണമേഖല പൂർവാധികം ഉത്തേജിതമാകേണ്ടത് സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമാണ്. വൻതോതിൽ തൊഴിൽ സൃഷ്ടിക്കുന്ന മേഖലയാണിത്. ബാങ്ക് വായ്പ ഉദാരമാക്കുന്നതിനൊപ്പംതന്നെ നിർമ്മാണസാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ചുനിറുത്താൻകൂടി നടപടി ഉണ്ടാകണം. നിർമ്മാണ മേഖലയിലെ തളർച്ച ഇതുമായി ബന്ധപ്പെട്ട ഉരുക്ക്, സിമന്റ്, പെയിന്റ്, ഫർണിച്ചർ, തടി ഉൾപ്പടെയുള്ള അനവധി നിർമ്മാണ സാമഗ്രികളുടെ ഉത്പാദനത്തെയും വിപരീതമായി ബാധിക്കും. ഡിമാൻഡ് കുറഞ്ഞതോടെ ഈ മേഖലകളിൽ തൊഴിലില്ലായ്മ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മാനുഫാക്ചറിംഗ് മേഖലയിലെ വളർച്ച കുത്തനെ ഇടിഞ്ഞതായാണ് സൂചന. ഇതോടൊപ്പം കാർഷിക മേഖലയും തളരുന്നതിന്റെ ചിത്രമാണ് ലഭ്യമാകുന്നത്. കാർഷികവൃത്തി ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട തിരുത്തലുകൾ ഉൾപ്പടെ വ്യാപാരമേഖല നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരവും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വളർച്ചയ്ക്ക് തടസമായ എല്ലാ കാര്യങ്ങളിലും നീക്കുപോക്കുണ്ടാകുമ്പോഴാണല്ലോ സമ്പദ് വ്യവസ്ഥ ആരോഗ്യകരമായ നിലയിൽ വികാസം പ്രാപിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് വിദഗ്ദ്ധന്മാരും പ്രതിപക്ഷ പാർട്ടികളും പൊതുജനങ്ങളും മുന്നോട്ടുവച്ച ആശങ്കകളിൽ കഴമ്പുണ്ടെന്ന് സർക്കാരും അംഗീകരിച്ചതിന്റെ ഫലമായിട്ടാണ് ഇപ്പോൾ നല്ല തീരുമാനങ്ങളുണ്ടായിരിക്കുന്നത്. ഇത് തുടക്കം മാത്രമാണെന്നും ഉടനെ തന്നെ രണ്ടും മൂന്നും ഉത്തേജക പാക്കേജുകളുമായി താൻ വരുമെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്. യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് പരിഹാര നടപടികൾക്ക് തയ്യാറാകുന്നു എന്നതാണ് ധനമന്ത്രിയിൽ കാണുന്ന ക്രിയാത്മക സമീപനം.