തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പലതവണയായി 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിത്തുറ സ്വദേശി ജാക്കൺ ജോസ് സിൽവ, കുളത്തൂർ സ്വദേശി കെ. വിനോദ്, പാലക്കാട് സ്വദേശി രാജേഷ് കൃഷ്ണ എന്നിവരാണ് മുഖ്യമന്ത്രിക്കും കഴക്കൂട്ടം അസി.കമ്മിഷണർക്കും പരാതി നൽകിയത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ, ഇപ്പോൾ വിദേശത്ത് താമസമാക്കിയ ദമ്പതികൾ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് പരാതി.
യു.എ.ഇയിൽ സ്റ്രോർ കീപ്പറായിരുന്ന ജാക്കൺ ജോസ് ഒരു ബന്ധു വഴി 2016ലാണ് പുല്ലുവിള സ്വദേശിയെ പരിചയപ്പെട്ടത്. ഇയാൾ കാനഡയിലേക്ക് അഞ്ച് വർഷത്തെ തൊഴിൽ വിസ നൽകാമെന്നു പറഞ്ഞ് പണം തട്ടിയെടുത്തെന്നാണ് പരാതി. മറ്റ് പലർക്കും വിദേശത്തേക്കുള്ള വിസ ശരിയാക്കിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചതിനാൽ ജാക്കൺ ജോസ് തന്റെ രണ്ട് സുഹൃത്തുക്കളെയും ഇയാൾക്ക് പരിചയപ്പെടുത്തി.
ഇവർ മൂന്ന് പേരിൽ നിന്നായി പലതവണയായി 25 ലക്ഷത്തോളം രൂപ വാങ്ങിച്ചെടുത്തു. ഇതിനിടെ ജാക്കണെ ലണ്ടനിലെത്തിക്കാം എന്ന് വിശ്വസിപ്പിച്ച് ഫ്രാൻസിലെത്തിച്ച് കബളിപ്പിച്ചു. അവിടെ നിന്നു പലരുടെയും സഹായത്തോടെ നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. ഇതിനിടെ പുല്ലുവിള സ്വദേശിയും ഭാര്യയും വിദേശത്തേക്ക് കടന്നു. ഫോണിൽ ബന്ധപ്പെടാനും കഴിയുന്നില്ല. പലരിൽ നിന്ന് കടമായും സ്വത്ത് പണയം വച്ചും സ്വരൂപിച്ച പണമാണ് വിസയ്ക്കായി നൽകിയതെന്നും, തങ്ങളുടെ പണം തിരികെ ലഭിക്കാൻ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.