തിരുവനന്തപുരം: പേട്ട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ലാപ്ടോപ്പുകളും പണവും കവർന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രിൻസിപ്പൽ റൂമിലും കമ്പ്യൂട്ടർ ലാബിലും ഉണ്ടായിരുന്ന ഏഴ് ലാപ്‌ടോപ്പുകൾ മോഷണം പോയി. പിറ്റേന്ന് രാവിലെ സ്‌കൂളിൽ എത്തിയ അദ്ധ്യാപകരാണ് മോഷണം നടന്നതായി ആദ്യം കണ്ടത്. രണ്ടുമാസത്തിനിടെ നടന്ന രണ്ടാമത്തെ മോഷണമാണിത്.
പ്രിൻസിപ്പലിന്റെ മുറിയുടെ വാതിലിലെ പൂട്ട് ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് ഓഫീസ് ആവശ്യത്തിനുപയോഗിച്ചിരുന്ന മൂന്ന് ലാപ്‌ടോപ്പുകൾ മോഷിച്ചു. പ്രിൻസിപ്പലിന്റെ മേശയും സ്റ്റീൽ അലമാരകളും കുത്തിത്തുറന്ന് വിലപ്പെട്ട രേഖകളെല്ലാം വാരിവലിച്ച് പുറത്തിട്ടു. മേശയുടെ ഡ്രോയിൽ ഉണ്ടായിരുന്ന 690 രൂപയും എടുത്തു.
ഓഫീസിൽ സൂക്ഷിച്ചിരുന്ന താക്കോൽകൂട്ടം എടുത്ത് കമ്പ്യൂട്ടർ ലാബിന്റെ വാതിൽ തുറന്ന് അകത്തുകയറിയാണ് അവിടെയുണ്ടായിരുന്ന നാല് ലാപ് ടോപ്പുകൾ മോഷ്ടിച്ചത്. വേറെയും കമ്പ്യൂട്ടറുകൾ അവിടെ ഉണ്ടായിരുന്നെങ്കിലും അവയൊന്നും എടുത്തില്ല. അദ്ധ്യാപികമാരുടെ സ്റ്റാഫ് റൂമിൽ കയറിയ കള്ളൻ ചുവരിൽ ഘടിപ്പിച്ചിരുന്ന വാട്ടർ പ്യൂരിഫയറിന്റെ ഹോസ്
വലിച്ചുപൊട്ടിക്കുകയും ചെയ്തു. പ്രിൻസിപ്പലിന്റെ മുറിയുടെ ചുവരിൽ സോറി എന്നെഴുതിയ ശേഷമാണ് കള്ളൻ മടങ്ങിയത്.
വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് സൂക്ഷിച്ച ലാപ്ടോപ്പുകളാണ് ഒാഫീസിൽ നിന്നും മോഷണം പോയത് . ഹയർസെക്കൻഡറി ഓഫീസുമായി ബന്ധപ്പെട്ടുള്ള രേഖകൾ പലതും വാരിവലിച്ചിട്ടതുകാരണം അവ നഷ്ടമായ കൂട്ടത്തിലാണ്.
രണ്ടുമാസം മുൻപ് നടന്ന മോഷണത്തിലെ പ്രതിയായ സ്‌പൈഡർ ജയരാജിനെ പിടികൂടി രണ്ടാഴ്ചക്കിടെയാണ് അടുത്ത മോഷണം നടന്നത്. അന്നത്തെ മോഷണശ്രമത്തിൽ യാതൊന്നും നഷ്ടപ്പെട്ടിരുന്നില്ല. പേട്ട സബ് ഇൻസ്‌പെക്ടർ സാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി തെളിവുകൾ ശേഖരിച്ചു. പ്രിൻസിപ്പൽ കെ.എൽ. ലേഖയിൽ നിന്നും മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതിയുടെ വിരലടയാളം ലഭ്യമായിട്ടുണ്ട്. ഡോഗ് സ്‌ക്വഡും പരിശോധനയ്ക്കായി എത്തിയിരുന്നു.
കാമറ ഇല്ലാത്തത് മോഷ്ടാക്കൾക്ക് സൗകര്യമായി
മുൻപ് നടന്ന മോഷണത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിന് ചുറ്റും സി.സി.ടിവി കാമറ ഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ അധികാരികൾ നഗരസഭയ്ക്കും കൗൺസിലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. സ്‌കൂളിൽ പകൽ സമയങ്ങളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടെങ്കിലും രാത്രിയിൽ യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധർക്കും മോഷ്ടാക്കൾക്കും സൗകര്യമാവുകയാണെന്ന് അദ്ധ്യാപകരും പി.ടി.എ അധികൃതരും പരാതിപ്പെടുന്നു. അവധി ദിവസങ്ങളിൽ മതിൽ ചാടിക്കടന്ന് സ്‌കൂൾ കോമ്പൗണ്ടിൽ എത്തുന്നവരെ കണ്ടെത്താൻ പോലും കഴിയുന്നില്ലെന്ന് ഇവർ പറയുന്നു. ഇങ്ങനെ അതിക്രമിച്ച് കയറിയവർ അടുത്തിടെ ബാത്ത് റൂമിന്റെ വാതിൽ അടിച്ചു തകർത്തിരുന്നു.