തിരുവനന്തപുരം: ബന്ദിപ്പൂർ നാഷണൽ പാർക്ക് വഴി കടന്നുപോകുന്ന വയനാട്- മൈസൂർ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് എലിവേറ്റഡ് റോഡ് നിർമ്മിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി പ്രകാശ് ജാവേദ്കർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
കേരളത്തിന്റെ നിർദ്ദേശം കേന്ദ്രഗതാഗത ഹൈവേ മന്ത്രാലയത്തിന് സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എലിവേറ്റഡ് റോഡിന് വരുന്ന ചെലവിന്റെ പകുതി വഹിക്കാൻ കേരളം സന്നദ്ധവുമാണ്.
കോഴിക്കോട്- മൈസൂർ- കൊല്ലെംഗൽ ദേശീയപാതയിൽ (എൻ.എച്ച് 766) രാത്രി 9 മുതൽ രാവിലെ 6 വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ബന്ദിപ്പൂർ വന്യജീവി സങ്കേതം ഈ റൂട്ടിൽ വരുന്നതിനാലാണിത്. ഇതു സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ പരിസ്ഥിതി- വനം മന്ത്രാലയത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. വയനാട് വഴി മൈസൂരിലേക്ക് ബദൽ പാത നിർമ്മിക്കാനുള്ള ശ്രമമുണ്ടെന്നാണ് കരുതുന്നത്. ബദൽ പാത നിർമ്മിക്കുകയാണെങ്കിൽ 40 കിലോമീറ്റർ ദൂരം വർദ്ധിക്കും. പരിഗണനയിലുള്ള ബദൽ പാതയും വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. ഈ സാഹചര്യത്തിൽ എലിവേറ്റഡ് റോഡാണ് അഭികാമ്യം. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വന്യജീവി സങ്കേതം സംരക്ഷിക്കാൻ ഇതുമൂലം കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എലിവേറ്റഡ് റോഡെന്ന കേരളത്തിന്റെ നിർദ്ദേശം സംബന്ധിച്ച് പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമൽവർദ്ധൻ റാവു കർണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയുമായും കർണാടക ചീഫ് സെക്രട്ടറിയുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.