arun-jaitley

നിങ്ങൾക്കുമാകാം മുഖ്യമന്ത്രി! ജയ്റ്റ്ലിയുടെ വാക്കുകൾക്കു മുന്നിൽ മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ എച്ച്. ഡി. കുമാരസ്വാമി ഒന്നു പതറി. മറുപടി പറയാതെ ചെറുപുഞ്ചിരിയോടെ കടന്നുപോയ കുമാരസ്വാമി അതിനോടു പ്രതികരിച്ചത് പിന്നീട് ഒരുവർഷം കഴിഞ്ഞാണ്. കർണാടകത്തിലും ദക്ഷിണേന്ത്യയിലും ബി.ജെ.പി.യുടെ രാഷ്ട്രീയ വിധി മാറ്റിയ വാക്കുകളായി അതു മാറി. അരുൺ ജയ്റ്റ്ലിയെന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ വാക്കിന്റെ ശക്തിയാണത്.

2004 ൽ സഫലമാകാതെ പോയ ബി.ജെ.പി.യുടെ കർണാടക സർക്കാർ രൂപീകരണദൗത്യം അവസാനിപ്പിച്ച് ബംഗളൂരുവിലെ ടാജ് ഹോട്ടലിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങാൻ ജയ്റ്റ്ലി ഇറങ്ങുമ്പോഴാണ് ഗേറ്റു കടന്ന് കുമാരസ്വാമി വന്നത്. നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ച് ജയിച്ച കുമാരസ്വാമി ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിറുത്താനുള്ള തിരക്കിട്ട നീക്കങ്ങളിലായിരുന്നു. 79 സീറ്റുമായി ബി.ജെ.പിയായിരുന്നു 224 അംഗ സഭയിൽ വലിയ ഒറ്റക്കക്ഷി, കോൺഗ്രസിന് 65, ജനതാദളിന് 58. കോൺഗ്രസിന്റെ ധരംസിംഗ് മുഖ്യമന്ത്രിയും ദളിലെ സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയുമായി. അണിയറയിൽ സഖ്യചർച്ചകൾ നടത്തിയത് കുമാരസ്വാമി.രാഷ്ട്രീയത്തിൽ അന്ന് നവാഗതനായിരുന്ന കുമാരസ്വാമിയെ ബി.ജെ.പി നേതാവ് ആർ. അശോകാണ് ജയ്റ്റിലിക്ക് പരിചയപ്പെടുത്തിയത്. അപ്പോഴായിരുന്നു കുമാരസ്വാമിയുടെ രാഷ്ട്രീയ മോഹങ്ങൾക്ക് വിത്തുപാകികൊണ്ടുള്ള ജയ്റ്റ്ലിയുടെ ചോദ്യം.

നിങ്ങൾക്കുമാകാം മുഖ്യമന്ത്രിയെന്ന ജയ്റ്റ്ലിയുടെ വാക്ക് കർണാടക രാഷ്ട്രീയം തന്നെ മാറ്റിമറിച്ചു. ഒരുവർഷത്തിനു ശേഷമാണ് കുമാരസ്വാമി ആ ചോദ്യത്തിന് മറുപടി നൽകിയത്.കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച ദൾ കുമാരസ്വാമിയുടെ നേതൃത്വത്തിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കി. ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി പങ്കാളിത്തമുളള സർക്കാർ. യെദിയൂരപ്പ ആദ്യമായി ഉപമുഖ്യമന്ത്രിയുമായി. സത്യപ്രതിജ്ഞയ്ക്കെത്തിയ ജയ്റ്റ്ലി പഴയ ചോദ്യത്തെക്കുറിച്ച് തമാശയായി പറഞ്ഞത് സാധ്യതകളാണ് രാഷ്ട്രീയം, ആശയങ്ങൾക്ക് പരിധിയില്ല എന്നാണ്.

പിന്നീട് കുമാരസ്വാമി ബി.ജെ.പി.ക്ക് മുഖ്യമന്ത്രി പദം കൈമാറാതെ വാക്കു മാറിയപ്പോഴും ജയ്റ്റ്ലിയുടെ തന്ത്രപരമായ ഇടപെടലുണ്ടായി. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അത് കർണാടകത്തിൽ അധികാരം നേടികൊടുത്തു.വാക്കുമാറിയ കുമാരസ്വാമിക്കെതിരെ അതേ ആരോപണം ഉന്നയിച്ച് ജനങ്ങളെ സമീപിക്കാനായിരുന്നു ജയ്റ്റലിയുടെ ഉപദേശം. വാക്കുമാറിയവൻ എന്ന അർത്ഥമുള്ള കന്നഡ പദം വചനഭ്രഷ്ട്രനെതിരെ ജനകീയ മുന്നേറ്റമായിരുന്നു അന്ന് ബിജെപിയുടെ മുദ്രാവാക്യം. വചനം എന്നത് കർണാടകത്തിലെ ഭൂരിപക്ഷ സമുദായമായ ലിംഗായത്ത് ദൈവപുരുഷൻ ബസവേശ്വരന്റെ തത്വസംഹിതയുടെ പേരാണ്. വചനഭ്രഷ്ട്രൻ എന്നാൽ ലിംഗായത്ത് വിരുദ്ധൻ എന്നും അർത്ഥമുണ്ട്. രാഷ്ട്രീയക്കാരുടെ ചടുലതയും വക്കീലിന്റെ തന്ത്രകുശലതയും ഒത്തിണങ്ങിയ ജയ്റ്റ്ലിയുടെ തന്ത്രം കർണാടക രാഷ്ട്രീയത്തിൽ ഫലംകണ്ടു. ലിംഗായത്തിന്റെ പൂർണ്ണപിന്തുണയോടെ തനിച്ച് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയെടുക്കാൻ അന്ന് ബിജെ.പിക്കായി.2006 ൽ ബി.ജെ.പി ദക്ഷിണേന്ത്യയിൽ ആദ്യമായി തനിച്ച് സർക്കാരുണ്ടാക്കി.