railway

തിരുവനന്തപുരം: ആരാധനാലയങ്ങളും അണക്കെട്ടുകളുമടക്കം കേരളത്തിലെ ഇരുപത്തിയാറിടങ്ങൾ അതീവസുരക്ഷാ ഭീഷണി നേരിടുന്നതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി വിഭാഗം കണ്ടെത്തി. ഇവിടങ്ങളിൽ കർശന സുരക്ഷയൊരുക്കാനാണ് കേരള പൊലീസിനുള്ള നിർദ്ദേശം.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ സെക്യൂരിറ്റി വിഭാഗം കേരളത്തിലെത്തി ഇരുപത്തിയാറിടത്തും സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ സുരക്ഷാക്രമീകരണങ്ങളിൽ ഐ.ബി ഇതുവരെ അതൃപ്‌തി അറിയിച്ചിട്ടില്ല. തിരുവനന്തപുരത്തെ പ്രതിരോധ, ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾക്കും വിമാനത്താവളങ്ങൾക്കും കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശബരിമല ക്ഷേത്രം, മട്ടാഞ്ചേരി ജൂതതെരുവ്, ഗുരുവായൂർ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രം, ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം, തുമ്പ വിക്രംസാരാഭായ് സ്‌പേസ് സെന്റർ, വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, വട്ടിയൂർകാവ് ഇന്റഗ്രൽ സിസ്റ്റംസ് യൂണിറ്റ്, തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദൂരദർശൻകേന്ദ്രം, സെക്രട്ടേറിയറ്റ്, നിയമസഭാമന്ദിരം അടക്കം ഇരുപത്തിയാറ് കേന്ദ്രങ്ങളാണ് കേന്ദ്രഇന്റലിജൻസ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മുല്ലപ്പെരിയാർ, ലോവർപെരിയാർ, ശബരിഗിരി ജലവൈദ്യുതി നിലയം, ഇടുക്കിഡാം, കരിമണൽ പവർഹൗസ് തുടങ്ങിയ അണക്കെട്ടുകളും വൈദ്യുതനിലയങ്ങളും പട്ടികയിലുണ്ട്. പാക് തീവ്രവാദസംഘടനകളുടെ ഭീഷണിയാണ് ഐ.ബി ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി പരിശോധന നടത്തിയത്.

തിരുവനന്തപുരത്ത് വി.എസ്.എസ്.സിക്കും ഐ.എസ്.ആർ.ഒയ്ക്കും സി.ഐ.എസ്.എഫ് സുരക്ഷയുണ്ട്. 535 അംഗങ്ങളുള്ള സി.ഐ.എസ്.എഫ് യൂണിറ്റിനെയാണ് ഐ.എസ്.ആർ.ഒയുടെ സുരക്ഷയ്ക്കായി ആഭ്യന്തരമന്ത്രാലയം നിയോഗിച്ചിട്ടുള്ളത്. എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷ സി.ഐ.എസ്.എഫിനാണ്. മുല്ലപ്പെരിയാറിൽ സുരക്ഷയ്ക്കായി എസ്.ഐയുടെ നേതൃത്വത്തിൽ ഇരുപതംഗ സായുധപൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ടെക്നോപാർക്ക് അടക്കമുള്ള തന്ത്രപ്രധാന സ്ഥാപനങ്ങൾക്ക് സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (എസ്.ഐ.എസ്.എഫ്) സുരക്ഷയേർപ്പെടുത്തി.

സേനകളും ജാഗ്രതയിൽ

കോയമ്പത്തൂർ സുളൂർ വ്യോമസേനാ സ്റ്റേഷന് ആക്രമണഭീഷണിയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ തിരുവനന്തപുരത്തെ ദക്ഷിണ വ്യോമ കമാൻഡടക്കം ജാഗ്രതയിലാണ്.

വ്യോമാക്രമണ ഭീഷണി തടയാൻ സജ്ജമാക്കിയിട്ടുള്ള എയ്‌റോസാറ്റ് റഡാർ സംവിധാനമുപയോഗിച്ച് അതിർത്തിമേഖലകളിൽ ആകാശനിരീക്ഷണവും ജാഗ്രതയും കർശനമാക്കിയിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വ്യോമഓപ്പറേഷനുകൾ നിയന്ത്രിക്കുന്നത് തിരുവനന്തപുരത്തെ ദക്ഷിണ വ്യോമ കമാൻഡാണ്.

തീവ്രവാദ ആക്രമണഭീഷണിയുടെ പശ്ചാത്തലത്തിൽ കര, വ്യോമ, നാവിക സേനകൾ ജാഗ്രതയിലാണ്.

കേരളത്തിലും സമാനമായ ഭീഷണിയുള്ളതിനാൽ തിരുവനന്തപുരം പാങ്ങോട്ടെ കരസേനാ സ്റ്റേഷനും കൊച്ചിയിലെ നാവിക കമാൻഡും ജാഗ്രത പുലർത്തുന്നു.

''തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം കർശന സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ പൊലീസ് നിതാന്ത ജാഗ്രതയിലാണ്.''

ലോക്നാഥ്ബെഹ്റ

പൊലീസ്‌ മേധാവി