വിതുര: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടന്ന റോഡ് അടുത്തിടെ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയതോടെ അപകടങ്ങളേറുന്നതായി പരാതി. വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയുമാണ് ആര്യനാട് - വിതുര റോഡിൽ ചോര വീഴ്ത്തുന്നത്.
വെള്ളനാട് - ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും അപകടങ്ങളും അപകട മരണങ്ങളും വർദ്ധിച്ചിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ബൈക്ക് റേസിംഗും തകൃതിയായി നടക്കുന്നുണ്ട്. ബൈക്കുകളുടെ അമിത വേഗം നിമിത്തം റോഡരികിലൂടെ നടക്കാൻ ഭയമാണെന്ന് കാൽനടയാത്രക്കാർ പറയുന്നു.
ബൈക്കിൽ അമിതവേഗതയിലെത്തുന്ന ചെറുപ്പക്കാർ നിരവധിപേരെ ഇടിച്ചിട്ടിട്ട് കടന്നു കളഞ്ഞ സംഭവവുമുണ്ട്. സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികളെയും ഇടിച്ചിട്ടിട്ടുണ്ട്. സൂക്ഷിച്ച് റോഡ് മുറിച്ചു കടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്.
1വർഷത്തിനുള്ളിൽ 7 മരണം
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആര്യനാട് - വിതുര റോഡിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴ്. മരിച്ചവരിൽ ഭൂരിഭാഗവും ബൈക്ക് യാത്രക്കാരായ യുവാക്കളാണ്. പറണ്ടോട് മുതൽ ആര്യനാട് വരെയുള്ള ഭാഗത്താണ് കൂടുതലും അപകടങ്ങൾ അരങ്ങേറിയത്. പരിക്കുപറ്റിയവരുടെ എണ്ണവും വലുതാണ്. അപകട പെരുമഴ തന്നെ അരങ്ങേറിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഭീതിയുണർത്തി ലഹരി മാഫിയ
ആര്യനാട്,തൊളിക്കോട്,വിതുര പഞ്ചായത്തുകളിൽ കഞ്ചാവ് വില്പനസംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കഞ്ചാവ്, ബൈക്കുകളിൽ കൊണ്ടു വന്ന് വിറ്റഴിക്കുകയാണ് പതിവ്. ആര്യനാട്- വിതുര റൂട്ടിൽ ബൈക്കുകളിൽ ചീറിപ്പായുന്നവരിൽ കഞ്ചാവ് വിൽപ്പനക്കാരുമുണ്ട്. ബൈക്ക് മറിഞ്ഞ് യുവാക്കൾ കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായിട്ടുണ്ട്.