general

ബാലരാമപും: ശ്രീകൃഷ്ണജന്മാഷ്ടമിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശോഭയാത്രകൾ ഭക്തിനിർഭരമായി. ബാലഗോകുലം പള്ളിച്ചൽ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭയാത്രയിൽ രാധാകൃഷ്ണവേഷമണിഞ്ഞ ആയിരത്തോളം ബാലികാബാലൻമാർ അണിനിരന്നു. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു ശോഭയാത്രകൾ നടന്നത്. പള്ളിച്ചൽ മണ്ഡലത്തിൽ ആഘോഷപ്രമുഖ് ഡോ.എ. രാജേഷ്,​ ഭഗവതിനടമോഹനൻ,​ വെടിവെച്ചാൻകോവിൽ സദാശിവൻ,​ മുടവൂർപ്പാറ ബിനുകുമാർ,​ അയണിമൂട് പ്രദീപ് എന്നിവർ നേതൃത്വം നൽകി. വെമ്പന്നൂർ ശ്രീ ശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭയാത്ര മുക്കമ്പാലമൂട് ശ്രീബാലസുബ്രമണ്യസ്വാമിക്ഷേത്ര സന്നിധിയി സമാപിച്ചു. ബാലഗോകുലം പ്രാവച്ചമ്പലം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭയാത്ര പ്രാവച്ചമ്പലം അരിക്കടമുക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നരുവാമൂട് കരിങ്ങാവൂർ കാവിൽ സമാപിച്ചു. നീലവർണ്ണനായ അമ്പാടികണ്ണനെ കാണാൻ പ്രാവച്ചമ്പലത്തും നല്ല തിരക്ക് അനുഭവപ്പെട്ടു. ബി.ജെ.പി ജില്ലാ സെക്രട്ടറി പള്ളിച്ചൽ ബിജുകുമാർ,​ മുക്കുനട സജി,​ സി.എസ്. രതീഷ്,​ എസ്.എസ്. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.