തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള തന്റെ പരാമർശം വ്യക്തിപരമാണെന്നും,അതിന്റെ പേരിൽ മാപ്പ് പറയേണ്ടതില്ലെന്നും ശശി തരൂർ എം.പി വ്യക്തമാക്കി.
''ആളുകൾ നല്ല കാര്യങ്ങൾ ചെയ്താൽ പ്രശംസിക്കണം. എല്ലാ കാര്യങ്ങളിലും കുറ്റം പറഞ്ഞാൽ ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാകും''- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കേണ്ടതില്ലെന്ന് താനടക്കമുള്ള ചില കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെക്കുറിച്ച് തരൂർ പ്രതികരിച്ചു.
നരേന്ദ്ര മോദി ശരിയായ കാര്യങ്ങൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ പ്രശംസിക്കണമെന്നും,അത് തെറ്റ് ചെയ്യുന്ന സമയത്തുള്ള വിമർശനങ്ങൾക്ക് വിശ്വാസ്യത കൂട്ടുമെന്നുമാണ് തരൂർ കഴിഞ്ഞ ദിവസം പറഞ്ഞത്. കോൺഗ്രസ്
നേതാക്കളായ ജയറാം രമേശും അഭിഷേക് സിങ്‌വിയും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
എന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ,നിരവധി ആളുകൾ വിളിച്ചു രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പാണോ എന്നന്വേഷിച്ചു. എനിക്ക് യാതൊരു രാഷ്ട്രീയ മാറ്റവുമില്ല. ഇതെല്ലാം വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്.രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയുണ്ട്. നോട്ട് നിരോധനമടക്കം മുൻപ് ബി.ജെ.പി സർക്കാർ ചെയ്ത തെറ്റായ നടപടികളുടെ പ്രതിഫലനമാണ് പ്രതിസന്ധിക്ക് കാരണം- തരൂർ വ്യക്തമാക്കി.