cars

തിരുവനന്തപുരം:നാലു മാസമായി കൂപ്പുകുത്തിക്കൊണ്ടിരുന്ന വാഹന വിപണി കേന്ദ്രസർക്കാരിന്റ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങളുടെ പിൻബലത്തിൽ കുതിച്ചു കയറുമെന്നാണ് പ്രതീക്ഷ. ഓണസീസൺ മുതൽ പുതിയ ഓഫറുകൾ നൽകി പരമാവധി വാഹനങ്ങൾ വിൽക്കാനാണ് നിർമ്മാതാക്കളുടെ ശ്രമം.

2020 മാർച്ച് 30 വരെ വാങ്ങുന്ന ബി.എസ് 4 വാഹനങ്ങൾ രജിസ്‌ട്രേഷൻ കാലാവധിയായ15 വർഷം ഉപയോഗിക്കാൻ അനുവദിച്ചതും രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഫീസിലെ വർദ്ധന മരവിപ്പിച്ചതുമാണ് വിപണിക്ക് ഉണർവേകിയത്. ചിങ്ങത്തിൽ ബുക്കിംഗ് 20 ശതമാനം വർദ്ധിച്ചതിനൊപ്പം കേന്ദ്ര പാക്കേജ് കൂടിയാകുമ്പോൾ വിൽപ്പന 30 ശതമാനത്തിലേറെ കൂടുമെന്നാണ് കണക്കാക്കുന്നത്.

ഏപ്രിലിൽ ബി.എസ് 6 വാഹനങ്ങൾ വിപണിയിലെത്തും. ബി.എസ് 4 വാഹനങ്ങളേക്കാൾ 5 -10 ശതമാനം വരെ ബി.എസ് 6 വാഹനങ്ങൾക്ക് വില കൂടും. സർക്കാരിന്റെ ആനുകൂല്യത്തിൽ വിൽപ്പന കൂട്ടാൻ ബി.എസ് 4 വാഹനങ്ങളുടെ വില കുറച്ചേക്കും. പതിവിലേറെ ഓഫറുകളും സ്‌ക്രാച്ച് ആൻഡ് വിൻ സമ്മാനങ്ങളും ഓണക്കച്ചവടത്തിനുണ്ടാകും. ഏറ്റവും വില കുറഞ്ഞ മോഡലിനു പോലും 55,000–60,000 രൂപയുടെ ഓഫറുകളുണ്ട്. പ്രമുഖ കാർ കമ്പനികൾ രണ്ട് വർഷത്തെ വാറന്റി 5 വർഷമായി നീട്ടിയിട്ടുണ്ട്.

ഇരുചക്ര വാഹന വിപണിയിലും ഉണർവുണ്ട്. കൊച്ചിയിൽ ഒരു പ്രമുഖ ഡീലർക്ക് സർക്കാരിന്റെ പ്രഖ്യാപനത്തിനു മുമ്പ് ദിവസം 35 വാഹനങ്ങൾ വിറ്റ സ്ഥാനത്ത് ഇന്നലെ 70 വണ്ടികളാണ് കച്ചവടമായത്.

ബി.എസ് 4 ൽ നിന്ന് ബി.എസ് 6ൽ

വാഹന എൻജിനിൽ നിന്ന് പുറന്തള്ളുന്ന മലിനീകരണ വാതകങ്ങളുടെ അളവ് നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാർ മാനദണ്ഡമാണ് 'ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേഡ്' (ബി.എസ്). പെട്രോൾ,ഡീസൽ വാഹനങ്ങളുടെ പുകയിലെ കാർബൺ മോണോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ്, ഹൈഡ്രോ കാർബൺ തുടങ്ങിയ വിഷ വസ്‌തുക്കളുടെ അളവ് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് ലക്ഷ്യം. അന്തരീക്ഷ മലിനീകരണം കൂടുതലായതിനാലാണ് ബി.എസ് 4ൽ നിന്ന് 5 മറികടന്ന് ബി.എസ് 6 ഏർപ്പെടുത്തുന്നത്.

ബിഎസ് 6 എത്തുന്നതോടെ വാഹനങ്ങൾ സൃഷ്‌ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയും. എൻജിനും ഇന്ധനവും ബിഎസ് 6 നിലവാരത്തിൽ എത്തണം. നിലവിലുള്ള ബിഎസ് 4 ഇന്ധനം 2010ലാണ് ഏർപ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിലും മുംബയിലും ബി. എസ് 6 ഇന്ധനമാണ് ഇപ്പോഴുള്ളത്.

ഇന്ധനത്തിന്റെ നിലവാരം വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾക്കും സർക്കാരിനും വൻ മുടക്കുമുതൽ ആവശ്യമാണ്. ബിഎസ് 4ൽ നിന്ന് ബിഎസ് 6ലെത്താൻ ഇന്ധന നിർമ്മാതാക്കൾ ഏകദേശം 50,000 കോടി മുതൽ 80,000 കോടി രൂപ വരെയെങ്കിലും അധിക നിക്ഷേപം നടത്തണമെന്നാണു കരുതുന്നത്.

''ഓണവിപണിയിൽ ഇത്തവണ കൂടുതൽ പ്രതീക്ഷയാണുളളത്. കേന്ദ്രതീരുമാനം നേട്ടമാകും"

- ബി.രാജേന്ദ്രകുമാർ

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

ട്രിവാൻഡ്രം മോട്ടോഴ്സ്