നെടുമങ്ങാട്: യാത്രക്കാരെ വലയ്ക്കുംവിധം ദീർഘദൂര ഫാസ്റ്റ് സർവീസുകൾ അശാസ്ത്രീയമായി പുന:ക്രമീകരിച്ച കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ടി.ഒയെ ഉപരോധിച്ചു. 50 വർഷമായി നെടുമങ്ങാട് ഡിപ്പോയിൽ നിന്നും സർവീസ് നടത്തിയിരുന്ന വെമ്പായം-വെഞ്ഞാറമൂട്-ആറ്റിങ്ങൽ വഴി എറണാകുളത്തേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകൾ വഴിതിരിച്ച് തിരുവനന്തപുരം -ആറ്റിങ്ങൽ വഴി തൃശൂർ ഭാഗത്തേക്ക് മാറ്റിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നെടുമങ്ങാട് ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ജനോപകാരപ്രദ സർവീസുകൾ നിറുത്തലാക്കിയതെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ ആരോപിച്ചു. ഉപരോധം ശക്തമായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി അധികാരികൾ സമരക്കാരെ ചർച്ചയ്ക്കു വിളിച്ചു. സർവീസ് അടുത്ത ദിവസം മുതൽ പഴയപടി പുനഃക്രമീകരിക്കുമെന്ന് രേഖാമൂലം അധികൃതർ ഉറപ്പ് നൽകിയതിന് ശേഷമാണ് ഉപരോധം പിൻവലിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് ഉദ്ഘാടനം ചെയ്തു. എസ്. കവിരാജ് അദ്ധ്യക്ഷനായി എൽ.എസ് ലിജു സ്വാഗതം പറഞ്ഞു. എസ്.ആർ. ഷൈൻ ലാൽ, ജെ. യഹിയ, ജാബിർ, നിഷാദ്, രഞ്ജിത്ത് കൃഷ്ണ, അശ്വിനി, കണ്ണൻ, വീണ എന്നിവർ പ്രസംഗിച്ചു. നെടുമങ്ങാട് ട്രാൻ. ഡിപ്പോയിലെ അശാസ്ത്രീയ സർവീസ് പരിഷ്കാരം യാത്രക്കാരെ ദുരിതത്തിലാക്കിയത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വ്യാപക പ്രതിഷേധത്തെ തുടർന്ന് വെമ്പായം വഴിയുള്ള കൊല്ലം സർവീസുകൾ പുനരാരംഭിച്ചെങ്കിലും എറണാകുളം സർവീസുകൾ ഇപ്പോഴും ആരംഭിച്ചിട്ടില്ല.