തിരുവനന്തപുരം: കെ.പി.സി.സി അംഗം, എ.ഐ.സി.സി അംഗം, കെ.പി.സി.സി ഭാരവാഹി, മന്ത്രി എന്നിങ്ങനെ എല്ലാം കാൽക്കീഴിൽ ഉറപ്പിക്കാൻ ശ്രമിക്കുന്ന ജനപ്രതിനിധികൾ കോൺഗ്രസിന് ശാപമാണെന്ന് തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറിയും തലസ്ഥാനത്തെ ഐ ഗ്രൂപ്പ് പ്രമുഖനുമായ തമ്പാനൂർ സതീഷിന്റെ ഫേസ്ബുക് പോസ്റ്റ്.
തലസ്ഥാനത്തെ പ്രമുഖ ഐ ഗ്രൂപ്പ് എം.എൽ.എയെ ലക്ഷ്യമിട്ടാണ് സതീഷിന്റെ പോസ്റ്റെന്നാണ് കോൺഗ്രസ് വൃത്തങ്ങളിലെ സംസാരം. പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെടുമ്പോൾ ബി.ജെ.പിയിലേക്ക് ചാടുന്ന ചതിയന്മാരെ തിരിച്ചെടുക്കരുതെന്ന മുന്നറിയിപ്പും, സംസ്ഥാന കോൺഗ്രസ് പുന:സംഘടനയിൽ നിന്ന് എം.എൽ.എമാരും എം.പിമാരും സ്വയം പിൻമാറണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റിലുണ്ട്. അസ്ഥാനത്തുള്ള 'ബി.ജെ.പി പരാമർശം' എം.എൽ.എയെ അധിക്ഷേപിക്കാൻ കരുതിക്കൂട്ടിയുള്ളതാണെന്ന സംസാരവും കോൺഗ്രസ് കേന്ദ്രങ്ങളിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും ഇതേ എം.എൽ.എയ്ക്കെതിരെ സതീഷ് പരാതിയുയർത്തിയത് വിവാദമായിരുന്നു.
പുന:സംഘടന കോൺഗ്രസ് പ്രവർത്തകർ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതിനെ അട്ടിമറിക്കാൻ ശേഷിയുള്ള നേതാക്കൾ ആക്രമണസജ്ജമായി പടച്ചട്ടയണിഞ്ഞു നിൽക്കുന്നു. കെ.പി.സി.സി പ്രസിഡന്റിനൊപ്പം പ്രവർത്തിക്കാൻ എല്ലാ സമയങ്ങളിലും നിൽക്കുന്നവരെ ഭാരവാഹികളാക്കണം. ഇതിനെ തടയാൻ ശ്രമിക്കുന്ന നേതാക്കൾ കോൺഗ്രസിന്റെ കുഴി തോണ്ടിയാൽ ,നിങ്ങൾ പാതാളത്തിലേക്കുള്ള യാത്രയിലാകുമെന്ന് ഓർക്കുന്നത് നല്ലത്- സതീഷ് പോസ്റ്റിൽ പറഞ്ഞു.