തിരുവനന്തപുരം: ഓണ വിപണിക്കായി കർഷകർ നട്ടുപിടിപ്പിച്ച കാർഷിക വിളകൾ പ്രളയത്തിൽ വേരറ്റതോടെ വീണ്ടും വരവു സാധനങ്ങളെ ആശ്രയിക്കേണ്ട നിലയിലേക്ക് കേരളം വഴുതുന്നു. തൃശൂർ, വയനാട്, പാലക്കാട് മേഖലകളിൽ നിന്നുള്ള മത്തൻ, ചേന, പാവയ്‌ക്ക, പടവലം, തക്കാളി, നാടൻ വെണ്ട, ഏത്തൻ, പാളയംകോടൻ തുടങ്ങിയവയാണ് ഏറെയും നശിച്ചത്. ഇതോടെ വിലക്കയറ്റത്തിന്റെ സൂചനയും കണ്ടുതുടങ്ങി.
ഓണത്തിന് 20 മെട്രിക് ടൺ പച്ചക്കറിയാണ് സംസ്ഥാനത്തിന് വേണ്ടത്. 2014 വരെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 13 മെട്രിക് ടൺ കൊണ്ടുവന്നിരുന്നു. 'ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതി വന്നതോടെ 2017ൽ സംസ്ഥാനത്തെ ഉത്പാദനം 12.10 മെട്രിക് ടണായി. ഇതോടെ പുറത്തു നിന്ന് 8 മെട്രിക് ടൺ മാത്രമാണെത്തിച്ചിരുന്നത്.
ഇക്കുറി ആഭ്യന്തര ഉത്പാദനം 14.5 മെട്രിക് ടണ്ണാക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. പക്ഷേ പ്രളയം പ്രതീക്ഷകൾ തെറ്രിച്ചു. 15 ശതമാനത്തിലേറെ കൃഷി നശിച്ചു. നിലവിലെ സാഹചര്യത്തിൽ ഓണത്തിന് 9 മെട്രിക് ടൺ പച്ചക്കറി തമിഴ്നാട്, മൈസൂർ മേഖലകളിൽ നിന്നെത്തിക്കണം.
പ്രളയത്തിൽ കൃഷി നശിച്ച പ്രദേശങ്ങളും വിളകളും
ഏത്തൻ - തൃശൂർ, വയനാട്, മലപ്പുറം, കോഴിക്കോട്
മത്തൻ - തൃശൂർ, ആലപ്പുഴ - വെണ്മണി
പടവലം - പാലക്കാട്, കോട്ടയം, തൃശൂർ,
പാവൽ, പയർ - ഇടുക്കി
ഇഞ്ചി - വയനാട്, തൃശൂർ
തക്കാളി - കോഴിക്കോട്
കാരറ്റ്, കാബേജ്, ബീൻസ് - മൂന്നാർ
പഴങ്ങൾ കഴിഞ്ഞ ഓണക്കാലത്തെ വില (കിലോയ്ക്ക്) ഇപ്പോഴത്തെ വില
രസകദളി 30 രൂപ 80 - 90 രൂപ
ഏത്തൻ 52 രൂപ 56 രൂപ
പാളയംകോടൻ 20 രൂപ 45 രൂപ
വിലകൂടാൻ സാദ്ധ്യതയുള്ളവ
അച്ചാറിനുള്ള മാങ്ങ, നാരങ്ങ, ഇഞ്ചി
അമര, കത്തിരി, വഴുതന എന്നിവ എത്തുന്നത് - മൈസൂർ
വെണ്ട, കാരിമുളക്, തൊണ്ടൻ മുളക്, മാങ്ങ എന്നിവ എത്തുന്നത് - തമിഴ്നാട്
ഓണത്തിന് പഴം , പച്ചക്കറി എന്നിവ ഹോർട്ടികോർപ് അടക്കമുള്ള സർക്കാർ സംരംഭങ്ങളിലൂടെ പൊതുവിപണിയെക്കാൾ 30 ശതമാനം വിലക്കുറവിൽ വില്പന നടത്തും. 2000 പച്ചക്കറി ചന്തകൾ ആരംഭിച്ച് വിലക്കയറ്റം പിടിച്ചുനിറുത്താൻ നടപടിയെടുക്കും.
വി.എസ്. സുനിൽകുമാർ
കൃഷി മന്ത്രി